ISL FOOTBALL|ബ്ലാസ്റ്റേഴ്‌സിന് വിജയം,ആദ്യസെമിയില്‍ ജംഷഡ്പൂരിനെ തോല്‍പ്പിച്ചു
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. കരുത്തരായ ജംഷേദ്പുര്‍ എഫ്.സിയെയാണ് മഞ്ഞപ്പട മറികടന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്.
ഈ വിജയത്തോടെ ജംഷേദ്പുരിനെതിരേ ലീഡ് നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. രണ്ടാം പാദ മത്സരം മാര്‍ച്ച് 15 ന് നടക്കും. ഈ സീസണില്‍ എവേ ഗോള്‍ നിയമം ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയായി. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ കേരളത്തിന് ഫൈനലിലേക്ക് കടക്കാം.
മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചാം മിനിറ്റില്‍ ജംഷേദ്പുര്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ നേടിയെടുത്തു. പക്ഷേ അത് മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. പത്താം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനകത്തുവെച്ച് ജംഷേദ്പുരിന്റെ ഡാനിയേല്‍ ചുക്കുവിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കാനായില്ല. ഗോള്‍കീപ്പര്‍ ഗില്‍ മാത്രം മുന്നില്‍ നില്‍ക്കേ അവസരം ലഭിച്ചിട്ടും ചുക്കു പന്ത് പുറത്തേക്കടിച്ചു.
20-ാം മിനിറ്റിലും ചുക്കുവിന് മികച്ച അവസരം ലഭിച്ചിട്ടും താരം അത് തുലച്ചു. പൂട്ടിയയുടെ പിഴവില്‍ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ ചുക്കുവിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായി രണ്ട് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
35-ാം മിനിറ്റില്‍ ജംഷേദ്പുര്‍ നിരയിലേക്ക് പകരക്കാരനായി വന്ന മൊബഷിര്‍ റഹ്മാന് മികച്ച അവസരം ലഭിച്ചു. സ്റ്റ്യുവര്‍ട്ട് നീട്ടിനല്‍കിയ ഫ്രീകിക്ക് കൃത്യമായി സ്വീകരിച്ചെങ്കിലും മൊബഷിറിന്റെ ഷോട്ട് പുറത്തേക്ക് പോയി.
38-ാം മിനിറ്റില്‍ ജംഷേദ്പുരിനെ ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. ആല്‍വാരോ വാസ്‌ക്വെസ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച സഹല്‍ ജംഷേദ്പുര്‍ ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ മനോഹരമായി പന്ത് വലയിലേക്ക് കോരിയിട്ടു.
ജംഷേദ്പുര്‍ പ്രതിരോധതാരം റിക്കിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വാസ്‌ക്വെസിന്റെ പന്ത് ഹെഡ്ഡ് ചെയ്തകറ്റാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഈ ഘട്ടത്തിലാണ് സഹല്‍ പന്ത് റാഞ്ചിയെടുത്ത് വലകുലുക്കിയത്. സഹലിന്റെ സീസണിലെ ആറാം ഗോളാണിത്. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ജംഷേദ്പുരും ആക്രമണത്തിന് കുറവുവരുത്തിയില്ല. 47-ാം മിനിറ്റില്‍ സഹലിന്റെ മനോഹരമായ മുന്നേറ്റത്തിന് മത്സരം സാക്ഷിയായി. പക്ഷേ താരത്തിന്റെ ക്രോസ് ഗോള്‍കീപ്പര്‍ രഹനേഷ് കൈയ്യിലൊതുക്കി.
58-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഓര്‍ഗെ ഡയസ് പെരേരയുടെ ദുര്‍ബലമായ ഹെഡ്ഡര്‍ രഹനേഷ് അനായാസം കൈയ്യിലൊതുക്കി. 60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തിയെന്ന് തോന്നിച്ചു. പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണയുടെ അതിമനോഹരമായ ഫ്രീകിക്ക് ജംഷേദ്പുര്‍ പോസ്റ്റിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. രഹനേഷിന്റെ തകര്‍പ്പന്‍ സേവാണ് ജംഷേദ്പുരിന് തുണയായത്.
രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിപ്പെടുത്താനും മഞ്ഞപ്പട മറന്നില്ല. ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 81-ാം മിനിറ്റില്‍ സഹലിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ താരത്തെ കോച്ച് വുകോമനോവിച്ച് പിന്‍വലിച്ചു.
88-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ഇഷാന്‍ പണ്ഡിത ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഷോട്ട് തലനാരിഴയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍പോസ്റ്റിനടുത്തൂടെ കടന്നുപോയി. വൈകാതെ ബ്ലാസറ്റേഴ്‌സ് നിര്‍ണായകമായ വിജയം സ്വന്തമാക്കി.