ബാഗിൽ അഴുകിത്തുടങ്ങിയ കുഞ്ഞിന്റെ മൃതദേഹം,കൂസലില്ലാതെ അമ്മ;കൊടുംക്രൂരത

തിരൂര്‍: പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് നെയ്വേലി സ്വദേശിയായ യുവതിയും സുഹൃത്തും അയാളുടെ പിതാവും പിടിയില്‍. രണ്ടുമാസം മുന്‍പാണ് യുവതിയും സുഹൃത്തും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതും മൃതദേഹം തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ചതും.

കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയില്‍വേസ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിനോടുചേര്‍ന്ന ഓടയില്‍നിന്ന് ബാഗില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുത്തു. ശ്രീപ്രിയ, സുഹൃത്തായ ജയസൂര്യ, ജയസൂര്യയുടെ പിതാവ് കുമാര്‍ എന്നിവരാണ് തിരൂര്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

ശ്രീപ്രിയയുമായി തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെത്തിയ തിരൂര്‍ പോലീസ് വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളില്‍നിന്നുള്ള ഫുട് ഓവര്‍ബ്രിഡ്ജ് വന്നിറങ്ങുന്നതിനോടു ചേര്‍ന്നുള്ളതാണ് ഈ ഓട. റെയില്‍വേസ്റ്റേഷനും സമീപത്തെ ഹോട്ടലിനുമിടയിലൂടെയുള്ള ഓടയിലാണ് ബാഗ് ഉപേക്ഷിച്ചത്.

മൃതദേഹം ഉപേക്ഷിച്ച സ്ഥലം ശ്രീപ്രീയ കാണിച്ചുകൊടുത്തു. കറുത്ത ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. സ്ഥലം കാണിച്ചുകൊടുത്തപ്പോഴും ഓടയിൽനിന്ന് പുറത്തെടുത്തപ്പോഴും ശ്രീപ്രിയയ്ക്ക് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. തെളിവെടുപ്പിനുശേഷം രാത്രി എട്ടേകാലോടെ പോലീസ് സംഘം ശ്രീപ്രിയയെയുമായി തിരൂരിലേക്കു തിരിച്ചുപോയി.

മൂന്നുമാസം മുൻപ്‌ ഭർത്താവിനെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയ ശ്രീപ്രിയയെ സഹോദരീഭർത്താവ് ചിലമ്പരശൻ യാദൃച്ഛികമായി തിരൂരിൽ കണ്ടതാണ് സംഭവങ്ങൾ പുറത്തുവരാൻ കാരണമായത്. നെയ്‌വേലി സ്വദേശി മണിബാലൻ ശ്രീപ്രിയയെ വിവാഹംചെയ്തത് രണ്ടുവർഷം മുൻപാണ്. അതിൽ ജനിച്ച കുഞ്ഞാണിപ്പോൾ കൊലചെയ്യപ്പെട്ടത്.

മൂന്നുമാസംമുൻപ്‌ ശ്രീപ്രിയയും കാമുകനായ ജയസൂര്യയും തിരൂരിലെത്തി. ശ്രീപ്രിയ തിരൂരിനടുത്ത് പുല്ലൂരിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്നു. പുല്ലൂരിൽ എസ്.ഐ.ഒ. ബസ്‌സ്റ്റോപ്പിനു സമീപമാണ് ഇവർ വാടകയ്ക്കു താമസിച്ചത്. ശ്രീപ്രിയയുടെ സഹോദരി വിജയയും ഭർത്താവ് ചിലമ്പരശനും പുത്തനത്താണിയിൽ താമസിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം ചിലമ്പരശൻ പുല്ലൂരിൽവെച്ച് ശ്രീപ്രിയയെ കണ്ടു. സംശയംതോന്നി വീട്ടിലെത്തി ഭാര്യ വിജയയോട് പറഞ്ഞു. പിറ്റേന്ന് വിജയ പുല്ലൂരിലെത്തി സഹോദരിയെ തിരയുകയും ഹോട്ടലിൽ കണ്ടെത്തുകയുംചെയ്തു.

തന്റെ കുഞ്ഞിനെ കാമുകനും അയാളുടെ പിതാവും ചേർന്ന് അടിച്ചുകൊന്നതായും തൃശ്ശൂരിൽ ഉപേക്ഷിച്ചതായും ശ്രീപ്രിയ സഹോദരിയോടു പറഞ്ഞു. തുടർന്ന് വിജയ പോലീസിൽ വിവരമറിച്ചു. വിജയയും ഭർത്താവും പുല്ലൂരിൽ ശ്രീപ്രിയ താമസിക്കുന്ന വാടകവീട്ടിലെത്തി. വൈകാതെ ശ്രീപ്രിയയെയും കാമുകൻ ജയസൂര്യയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പുല്ലൂരിലെ വാടകവീട്ടിൽ തന്നെ മുറിയിൽ പൂട്ടിയിട്ട്, കാമുകനും പിതാവും ചേർന്ന് കുട്ടിയെ അടിച്ചുകൊന്നുവെന്നാണ് ശ്രീപ്രിയ പോലീസിനോടു പറഞ്ഞത്. തിരൂർ ഡിവൈ.എസ്.പി. ഷംസ്, ഇൻസ്‌പെക്ടർ എം.കെ. രമേശ് എന്നിവർ ഇവരെ ചോദ്യംചെയ്തു. തുടർന്നാണ് വിവരങ്ങൾ പുറത്തുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News