തിരുവനന്തപുരം: പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ സ്റ്റീരിയോ കവര്‍ന്ന മോഷ്ടാവിനെ വാഹനത്തിന്റെ ഉടമയായ പോലീസുദ്യോഗസ്ഥന്‍ കയ്യോടെ പിടികൂടി. തിരുവനന്തപുരം പി.എം.ജിയ്ക്ക് സമീപമുള്ള പോലീസ് കണ്‍ട്രോള്‍റൂമിലെ ഉദ്യോഗസ്ഥനും സിനിമാനടനുമായ ജിബിന്‍ ഗോപിനാഥ് പിടികൂടിയത്. ആനയറ സ്വദേശി ജിതിന്‍ ആണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം. മ്യൂസിയം പോലീസ് കേസെടുത്തു.
വീടിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുന്നില്‍ അസ്വാഭാവികമായ രീതിയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിരുന്നത് ശ്രദ്ധിക്കാനിടയായ ജിബിന്‍ അപ്പോഴാണ് കാറിനുള്ളിലിരിക്കുന്ന മോഷ്ടാവിനെ കണ്ടത്.
സംഭവത്തെ വിശദീകരിച്ച് ജിബിന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
മകന് ചോക്‌ലേറ്റ് വാങ്ങാനായി വൈകിട്ട് 6.20 ന് ടൂവീലറില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായും കാറിന് റോഡിലേക്ക് ഇറങ്ങാന്‍ പറ്റാത്ത വിധത്തില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നതും കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതും കണ്ടതായി ജിബിന്‍ പറഞ്ഞു.
അകത്തിരിക്കുന്നയാള്‍ പുറത്തിറങ്ങാനായി കാത്തിരുന്നതായും കാറിലെ ഓഡിയോ-വീഡിയോ മോണിറ്റര്‍ സിസ്റ്റം കയ്യില്‍ പിടിച്ച് അയാള്‍ പുറത്തിറങ്ങിയതായും ജിബിന്‍ കൂട്ടിച്ചേര്‍ത്തു. എന്താണ് കയ്യിലെന്ന് ചോദിച്ചപ്പോള്‍ സ്റ്റീരിയോ എന്നാണെന്നും എങ്ങോട്ടാണെന്ന് ചോദിച്ചപ്പോള്‍ സാറേ അബദ്ധം പറ്റിയതാണ്, ക്ഷമിക്കണം എന്ന് പറഞ്ഞതായും പോസ്റ്റില്‍ പറയുന്നു.
സര്‍വീസിലിരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ച് ആ പാപഭാരം താന്‍ കഴുകിക്കളഞ്ഞുവെന്ന തമാശയും ജിബിന്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റവും ശിക്ഷയും, മിന്നല്‍ മുരളി, കോള്‍ഡ് കേസ് തുടങ്ങി നിരവധി സിനിമകളില്‍ ജിബിന്‍ അഭിനയിച്ചിട്ടുണ്ട്.