കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന. ആക്രമണത്തിനിരയായ ദമ്പതികളുടെ അടുത്ത ബന്ധുവായ കുമരകം സ്വദേശിയാണ് പിടിയിലായത്. ഇന്ന് അറസ്‌റ്റുണ്ടായേക്കും. സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറയുന്നു .കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച മാത്രമല്ല എന്ന സൂചന പൊലീസ് നേരത്തെതന്നെ നല്‍കിയിരുന്നു. കൃത്യമായ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ – കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കറന്റ് ഇല്ലാതിരുന്നതിനാലാണ് ഷോക്കടിപ്പിച്ച് കൊല്ലാനുള്ള പ്രതിയുടെ നീക്കം പൊളിഞ്ഞത്. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടെങ്കിലും കത്തിക്കാന്‍ കഴിഞ്ഞില്ല.മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്‌ത്തിയത്.
സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ സാലിയും ഭര്‍ത്താവുമായി അടുപ്പമുള്ളയാളാണ് പിടിയിലായത്. കൊലയ്ക്കു ശേഷം കടന്നുകളയുമ്പോള്‍ ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ യുവാവെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് നിര്‍ണായകമായത്. ദൃശ്യം പരിശോധിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതാണ് നിര്‍ണായകമായത്.
കവര്‍ച്ചാ ശ്രമമെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതെറ്റിക്കാനാണു കാറും സ്വര്‍ണവും കവര്‍ന്നതെന്നും കരുതുന്നു.കുടുംബവുമായി ബന്ധമുള്ള എട്ടു പേരെ ചോദ്യവും ചെയ്‌തിരുന്നു. പ്രദേശത്തെ പണമിടപാടുകാര്‍, ചിട്ടിക്കാര്‍ എന്നിവരെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു. സംഭവദിവസവും തലേന്നു രാത്രിയുമായി താഴത്തങ്ങാടി ടവര്‍ ലൊക്കേഷന്‍ പരിധിയിലുണ്ടായിരുന്ന ആയിരത്തോളം മൊബൈല്‍ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.