കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ പ്രത്യേക സംഘം എല്ലാ മേഖലകളും കേന്ദ്രീകരിച്ചുള്ള പഴുതടച്ച അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകള്‍, ഇവരുമായി ബന്ധപ്പെടുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ബാര്യ ഷീബ (60) എന്നിവരെ ആക്രമിക്കുകയും ഷീബയെ കൊലപ്പെടുത്തുകയും ചെയ്തയാള്‍ രാവിലെ തന്നെ വീട്ടിലെത്തി ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ ആദ്യഘട്ട നിഗമനം.
കാരണം ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും രാവിലെ പ്രഭാതഭക്ഷണം കൊടുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ അടുക്കളയില്‍ നിന്നു കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ട്. അടുക്കളയില്‍ ചപ്പാത്തി ഉണ്ടാക്കുകയും രണ്ടു പേര്‍ മാത്രമുള്ള വീട്ടില്‍ മുട്ടക്കറി ഉണ്ടാക്കുന്നതിനായി മൂന്നു മുട്ട പുഴുങ്ങുകയും ചെയ്തിരുന്നു. അതിനാല്‍ രാവിലെ ഇവരുടെ വീട്ടിലെത്തിയാള്‍ക്കു കൂടി പ്രഭാത ഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പുകള്‍ ഷീബ നടത്തിയിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
അതിനാലാണ് ദമ്പതികളോട് അടുപ്പമുള്ളയാള്‍ രാവിലെ വീട്ടിലെത്തിയശേഷം ഇവര്‍ക്കൊപ്പം സമയം ചെലവഴിച്ചശേഷം കൃത്യം നടത്തി മടങ്ങിയതാവാമെന്നും പോലീസ് കണക്കുകൂട്ടുന്നത്. ഇക്കാര്യങ്ങളൊക്ക മുന്‍നിര്‍ത്തിയാണ് ഒരാള്‍ മാത്രമാണ് ദമ്പതികളെ ആക്രമിച്ചതെന്ന വിലയിരുത്തലില്‍ പോലീസ് എത്തിയത്. സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ചൊവ്വാഴ്ച നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ നിന്നു കാണാതായി എന്നു കരുതിയിരുന്ന കൊല്ലപ്പെട്ട ഷീബയുടെ ഫോണ്‍ പോലീസിനു ലഭിച്ചത്. അതേസമയം പരിക്കേറ്റ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്ന സാലിയുടെ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആക്രമി സാലിയുടെ മൊബൈല്‍ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ കോള്‍ ലിസറ്റും പരിശോധിക്കുന്നുണ്ട്.
അതേസമയം വീട്ടില്‍ നിന്നു കാണാതായ കാര്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാര്‍ പോകുന്നതിന്റെ സിസിടവി ദൃശ്യങ്ങളും ചിത്രവും ഉള്‍പ്പെടെ പോലീസ് പുറത്തുവിട്ടെങ്കിലും വാഹനം സംബന്ധിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാര്‍ എറണാകുളം വരെ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. നമ്പര്‍ മാറ്റിയായിരിക്കും കൊലയാളി കാര്‍ കടത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ട ഷീബയുടെ തലയ്ക്കു ഭാരമേറിയ മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ചു മാരകമായുള്ള അടിയേറ്റതയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചതഞ്ഞ് തലയോട് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് ഷീബയുടെ മരണത്തിനു കാരണമെന്നാണും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറിന്റെയും ജില്ലാ പോലീസ് ചീഫ് ജി. ജയ്‌ദേവിന്റെയും നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്. കോട്ടയം ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത്, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, കടുത്തുരുത്തി എസ്‌ഐ ടി.എസ്. റെനീഷ്, വെസ്റ്റ് എസ്‌ഐ ടി. ശ്രീജിത്ത് എന്നിവരും കുറ്റാന്വേഷണത്തില്‍ മികവ് തെളിയിച്ച പോലീസുകാരും സംഘത്തിലുണ്ട്.