KeralaNews

എറണാകുളം ജില്ലയില്‍ അണക്കെട്ടുകളില്‍ സുരക്ഷിത ജലനിരപ്പ്

എറണാകുളം: കാലവർഷം മൂന്നു ദിവസം പിന്നിടുമ്പോൾ നിലവിൽ ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി തുടരുന്നു. ജില്ലയില്‍ ഏറ്റവുമധികം സംഭരണശേഷിയുള്ള ഇടമലയാര്‍ അണക്കെട്ടില്‍ 21.45 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇടമലയാറിന് താഴെയുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ 15 ഷട്ടറുകളില്‍ അഞ്ചെണ്ണവും ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ജലനിരപ്പ് 26.10 മീറ്റര്‍. 33.70 മീറ്ററാണ് ഇവിടത്തെ പൂര്‍ണശേഷി. അതേസമയം മൂവാറ്റുപുഴയാറിന്‍റെ ജലസമൃദ്ധിക്ക് കാരണമായ ഇടുക്കി ജില്ലയിലെ മലങ്കര അണക്കെട്ടില്‍ 91.6 ശതമാനം വെള്ളമുണ്ട്. ഇവിടെ ആറ് ഷട്ടറുകളില്‍ മൂന്നെണ്ണവും തുറന്ന് പുഴയിലേക്ക് വെള്ളമൊഴുക്കുന്നു. ജില്ലയിൽ ജൂൺ ഒന്നിന് ശരാശരി 5.2 മില്ലീ മീറ്റർ മഴയും രണ്ടിന് 4.8 മില്ലീ മീറ്റർ മഴയും മൂന്നിന് 13.1 മില്ലി മീറ്റർ മഴയുമാണ് ലഭിച്ചത്. 

മലങ്കര അണക്കെട്ട്

മലങ്കര അണക്കെട്ടിന്‍റെ പരമാവധി ജല സംഭരണ ശേഷി 43 മീറ്ററാണ്. നിലവിൽ 39.68 മീറ്റർ വെള്ളമാണ് ഡാമിലുള്ളത്. ജലനിരപ്പ് 40.7 മീറ്റർ എത്തുമ്പോഴാണ് അപകട സൂചനയുടെ ആദ്യ ഘട്ടമെന്ന നിലയിൽ നീല അലർട്ട് പുറപ്പെടുവിക്കുന്നത്. ജലനിരപ്പ്  41 മീറ്റർ എത്തുമ്പോൾ രണ്ടാം ഘട്ടമായ ഓറഞ്ച് അലർട്ടും 41.3 മീറ്റർ എത്തുമ്പോൾ റെഡ്‌ അലർട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് 40 മീറ്ററിൽ താഴെ നിർത്താനുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ നടത്തുന്നത്. കാലവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ മൂന്ന് ഷട്ടറുകൾ 40 സെൻ്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇത് മുവാറ്റുപുഴയാറിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കിയിട്ടില്ല.

ഇടമലയാർ

ഇടമലയാർ അണക്കെട്ടിന്‍റെ പൂർണ സംഭരണ ജലനിരപ്പ് 169 മീറ്ററും പരമാവധി ജലനിരപ്പ് 171 മീറ്ററും ആണ്. നിലവിൽ 131.02 മീറ്ററാണ് ജലനിരപ്പ് . സംഭരണ ശേഷിയുടെ 21.45 ശതമാനം മാത്രം വെള്ളമാണിത്. 159.5 മീറ്റർ ജലനിരപ്പ് എത്തുമ്പോഴാണ് നീല അലർട്ട് പ്രഖ്യാപിക്കുന്നത്. 160 മീറ്റർ എത്തുമ്പോൾ ഓറഞ്ച് അലർട്ടും 160.5 മീറ്റർ എത്തുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കും. സംഭരണിയിലെ ജലനിരപ്പ് 161 മീറ്ററിന് മുകളിലാകുമ്പോൾ മാത്രമാണ് സ്പിൽവേ ഷട്ടറുകൾ തുറക്കാറുള്ളത്.

പരമാവധി ജലനിരപ്പായ 171 മീറ്ററിൽ 4 ഗേറ്റുകളും പൂർണമായി തുറന്നാൽ ഒരു സെക്കൻ്ററിൽ 3248 ഘനമീറ്റർ ജലമാണ് പുറത്തേക്കൊഴുകുന്നത്. ഇത് കൂടാതെ ഗേറ്റുകൾ തുറക്കാതെ രണ്ട് വാൽവുകൾ വഴിയും ജലം പുറത്തേക്കൊഴുക്കാം. ഒരു സെക്കൻ്റിൽ ഒരു വാൽവിലൂടെ 54. 5 ഘനമീറ്റർ ജലം പുറത്തേക്കൊഴുകും. 37.5 മെഗാവാട്ട് ശക്തിയുള്ള രണ്ട് ടർബൈനുകളാണ് വൈദ്യുതി ഉല്പാദനത്തിനായി ഇവിടെയുള്ളത്.  പവർ ഹൗസിലെ രണ്ട് ടർബൈനുകളും പൂർണമായി പ്രവർത്തിച്ചാൽ സെക്കന്‍റില്‍ 80 ഘനമീറ്റർ ജലമാണ് പവർഹൗസിൽ നിന്ന് പുഴയിലേക്ക് ഒഴുക്കുന്നത്. ഇപ്രകാരം ഒഴുക്കി വിടുന്ന ജലം ഭൂതത്താൻകെട്ട് ബാരേജിന്‍റെ മുകൾ ഭാഗത്തു വച്ചാണ് പെരിയാറിൽ ചേരുന്നത്. ഇതിനു മുമ്പ് 7 വർഷങ്ങളിൽ കനത്ത മഴ മൂലം പൂർണ സംഭരണ ശേഷി മറികടന്ന സാഹചര്യം ഉണ്ടായതിനാൽ സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

അണക്കെട്ടിൻ്റെ ജലസംഭരണിയിലേക്ക് 380.17 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വൃഷ്ടിപ്രദേശത്തു നിന്നുമാണ് നേരിട്ട് വെള്ളം ഒഴുകിയെത്തുന്നത്. ഇതോടൊപ്പം തമിഴ്നാടിൻ്റെ അണക്കെട്ടായ നീരാറിലെ 101 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വൃഷ്ടി പ്രദേശത്തു നിന്നുള്ള അധിക ജലം കൂടി ഇവിടേക്കൊഴുകിയെത്തുന്നു. ഇതു കൂടാതെ പെരിങ്ങൽക്കുത്ത് അണക്കെട്ട് പരമാവധി ജലനിരപ്പാകുന്ന സന്ദർഭത്തിൽ അവിടെ നിന്നും ഒരു സെക്കൻഡിൽ 39.4 ഘനമീറ്റർ വെള്ളം അധികമായി ഈ സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ ജലനിരപ്പ് കുറവായതുകൊണ്ടുതന്നെ ഷട്ടറുകളൊന്നും ഉയർത്തിയിട്ടില്ല. അതിനാൽ പെരിയാറിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം നിലവിലില്ല. 

ഭൂതത്താന്‍കെട്ട്

ഭൂതത്താൻകെട്ട് ബാരേജിൻ്റെ സംഭരണ ശേഷി 34.95 മീറ്ററാണ്. നിലവിൽ 26.10 മീറ്ററാണ് ജലനിരപ്പ് . ആകെയുള്ള 15 ഷട്ടറുകളിൽ അഞ്ചെണ്ണം 50 സെൻ്റീമീറ്റർ വീതം ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. ഷട്ടറുകൾ തുറന്നത് നിലവിൽ പെരിയാറിലെ ജലനിരപ്പിൽ ഭീഷണി ഉയർത്തിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker