കോട്ടയം: ആസാമിലുള്ള കാമുകിയുടെ അടുത്തെത്താനാണ് താഴത്തങ്ങാടിയില്‍ പാറപ്പാടം ഷീബാ മന്‍സിലില്‍ ഷീബയെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ മൊഴി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിനിയായ യുവതിയെ കാണുവാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്കി.
താഴത്തങ്ങാടി പാറപ്പാടം ഷീബ മന്‍സിലില്‍ ഷീബയെ (60) കൊലപ്പെടുത്തുകയും ഭര്‍ത്താവ് മുഹമ്മദ് സാലിയെ (65) ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതി താഴത്തങ്ങാടി വേളൂര്‍ മാലിപറമ്പില്‍ മുഹമ്മദ് ബിലാലു(23)മായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അന്വേഷണസംഘം തണ്ണീര്‍മുക്കം ബണ്ടിനു സമീപം നിന്നും മൂന്നു മൊബൈല്‍ ഫോണുകളും ദമ്പതികളുടെ വീടിന്റെ താക്കോല്‍ക്കൂട്ടവും കത്രികയും കത്തിയും കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ആയിരുന്നു പരിശോധന. അന്വേഷണം വഴിതെറ്റിക്കാന്‍ ആണ് മൊബൈല്‍ ഫോണുകള്‍ വേമ്പനാട്ടുകായലില്‍ പ്രതി ഉപേക്ഷിച്ചത്. കൃത്യത്തിന് ഇടയില്‍ ഷീബയേയും ഭര്‍ത്താവ് സാലിയും വൈദ്യുതാഘാതം ഏല്‍പ്പിച്ച വയറും കൊലപ്പെടുത്താത്തിനായി ഉപയോഗിച്ച കത്തിയും കത്രികയും തെളിവെടുപ്പിനിടെ കണ്ടെടുത്തു. കുറ്റ കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ട കാര്‍ ആലപ്പുഴയില്‍ നിന്നും ലഭിച്ചിരുന്നു. ഒപ്പം ബിലാല്‍ കൈക്കലാക്കിയ 28 പവന് എറണാകുളത്തു നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തു. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.