EntertainmentKeralaNews

അതെന്റെ യഥാർത്ഥ ചിത്രമല്ല; വ്യാജഫോട്ടോക്കെതിരെ മീനാക്ഷി

കൊച്ചി:ലച്ചിത്രതാരം മീനാക്ഷിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജചിത്രത്തിനെതിരെ താരത്തിന്റെ കുടുംബം. എ.ഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. താൻ സാധാരണ ഉപയോ​ഗിക്കുന്ന വസ്ത്രമല്ല എഡിറ്റ് ചെയ്തവർ ചിത്രത്തിലുപയോ​ഗിച്ചിരിക്കുന്നതെന്ന് മീനാക്ഷി പറഞ്ഞു. ഒറിജിനൽ ചിത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചെന്നും മീനാക്ഷി പ്രതികരിച്ചു.

തന്നെ മോശമായി ചിത്രീകരിക്കുന്ന ആ ചിത്രത്തേക്കുറിച്ച് തങ്ങൾക്ക് യാതൊരറിവുമില്ലെന്ന് നടി മീനാക്ഷി പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ മുമ്പ് പോസ്റ്റ് ചെയ്ത ഒരു ചിത്രം എ.ഐയോ മറ്റേതോ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് എഡിറ്റ് ചെയ്യുകയായിരുന്നു. താൻ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ നേർ വിപരീതമായി കുറച്ച് മോശമായാണ് ആ ചിത്രം എഡിറ്റ് ചെയ്യപ്പെട്ടത്. അത് കണ്ടപ്പോൾത്തന്നെ ഈ ചിത്രം വ്യാജമാണെന്ന് ഫെയ്സ്ബുക്ക് പേജ് അഡ്മിൻ വ്യക്തമാക്കിയിരുന്നു. കേസും കാര്യങ്ങളുമെല്ലാം അച്ഛൻ നൽകിയിട്ടുണ്ടെന്നും മീനാക്ഷി പറഞ്ഞു.

സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ​ഗൗരവത്തോടെതന്നെയാണ് അവരതെടുത്തിട്ടുള്ളതെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പ്രതികരിച്ചു. അവർ ബുദ്ധിപരമായി ചെയ്തിരിക്കുന്ന കാര്യമെന്താണെന്നുവച്ചാൽ, ഒരുപാട് മോശമായിട്ടുള്ളത് എന്ന് തോന്നില്ല ആ ചിത്രം കണ്ടാൽ. ആ ചിത്രം തയ്യാറാക്കിയത് ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോ​ഗിച്ചുതന്നെയാണെന്നാണ് കരുതുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തു എന്നതിലുപരി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം മൂന്നിനായിരുന്നു മീനാക്ഷിയുടെ വ്യാജചിത്രം സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചത്. ആക്ട്രസ് മീഡിയ എന്ന പേജിലായിരുന്നു എഡിറ്റ് ചെയ്ത ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിനൊപ്പം മീനാക്ഷി അനൂപ് എന്ന ടെലി​ഗ്രാം ഐഡി നൽകിയിരുന്നു. മീനാക്ഷിക്ക് ഇങ്ങനെയൊരു ടെലി​ഗ്രാം ചാനലില്ലെന്ന് കുടുംബം പറഞ്ഞു.

വ്യാജചിത്രം പരിശോധിച്ചപ്പോഴാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിന്ന് സാമ്യം കണ്ടെത്തിയത്. രണ്ട് ചിത്രങ്ങളിലും ഒരേ വാട്ടർമാർക്കാണ് ഉണ്ടായിരുന്നത്. വിഷയത്തെ നിയമപരമായി നേരിടാൻ തന്നെയാണ് മീനാക്ഷിയുടെ കുടുംബത്തിന്റെ തീരുമാനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button