KeralaNews

‘ആ പരിഹാസം പൊറുക്കാനാകാത്ത തെറ്റ്’; പത്തനംതിട്ട കളക്ടറെ പിന്തുണച്ച് കെ കെ ശൈലജ

കണ്ണൂർ: പൊതുപരിപാടിയിൽ കുഞ്ഞുമായി എത്തിയ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർക്ക് നേരെയുണ്ടായ വിമർശനങ്ങളിൽ പ്രതികരിച്ച് മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങൾ കാണാൻ ആർക്കാണ് കഴിയുന്നതെന്ന് ശെെലജ ടീച്ചർ ചോദിച്ചു. സ്ത്രീകൾ പൊതുപ്രവർത്തനത്തിന് പോകുമ്പോൾ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കാനാണ്. അതുകൊണ്ട് മനുഷ്യത്വപൂർണമായിട്ടുള്ള കാര്യമാണെന്ന് ജനങ്ങൾ അംഗീകരിക്കുകയാണ് വേണ്ടതെന്നും ശെെലജ ടീച്ചർ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

‘പിഞ്ചുകുഞ്ഞുമായി പരിപാടിയിൽ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ജോലിക്കും സാമൂഹ്യ പ്രവർത്തനങ്ങൾക്കുമെല്ലാം പോകുന്ന സ്ത്രീകൾക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടിവരുന്നുണ്ട്. ഒന്ന് അമ്മയെന്ന നിലയിൽ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തിൽ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകൾ ഈ രണ്ട് ഉത്തരവാദിത്വങ്ങളും ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുന്നവരാണ്,’ ശെെലജ ടീച്ചർ പറഞ്ഞു.

കുറിപ്പിന്റെ പൂ‍‍ർണ്ണ രൂപം:

”പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് ഐയ്യർ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയിൽ പങ്കെടുത്തതിനെ ചിലർ വിമർശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങൾ കാണാൻ ആർക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയിൽ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്.

ജോലിക്കും സാമൂഹ്യ പ്രവർത്തനങ്ങൾക്കുമെല്ലാം പോകുന്ന സ്ത്രീകൾക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടിവരുന്നുണ്ട്. ഒന്ന് അമ്മയെന്ന നിലയിൽ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തിൽ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ത്രീകൾ ഈ രണ്ട് ഉത്തരവാദിത്വങ്ങളും ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുന്നവരാണ്. ഇതാദ്യമായല്ല കുഞ്ഞിനെയും കൊണ്ട് സ്ത്രീകൾ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന അവസ്ഥയുണ്ടാവുന്നത്. സ്ത്രീകൾ പൊതുപ്രവർത്തനത്തിന് പോകുമ്പോൾ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കാനാണ്. അതുകൊണ്ട് സാധിക്കാവുന്നിടത്തെല്ലാം കുഞ്ഞുങ്ങളെയും കൊണ്ടുപോവുന്നത് മനുഷ്യത്വപൂർണമായിട്ടുള്ള കാര്യമാണെന്ന് ജനങ്ങൾ അംഗീകരിക്കുകയാണ് വേണ്ടത്.

വളരെ പ്രശസ്തയായ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കാൻ പോയത് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ടാണ്. ഒരു സമാധാന സമ്മേളനത്തിൽ പ്രസംഗിക്കാനാണ് ജസീന്ത ഐക്യരാഷ്ട്ര സഭയിൽ പങ്കെടുത്തത്. പ്രസംഗിക്കാൻ പ്രസംഗ പീഠത്തിലേക്ക് പോകുന്നത് വരെ തന്റെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു ജസീന്ത. ലോകം മുഴുവൻ ആ പ്രവൃത്തിയെ അന്ന് ഏറെ പ്രശംസിച്ചു.

അങ്ങനെ കാണാൻ കഴിയാത്തവർ മനുഷ്യത്വമില്ലാത്തവരാണെന്ന് കരുതേണ്ടതായി വരും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ ശരിയായ അർഥത്തിൽ മനസിലാക്കാൻ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്. കുഞ്ഞിന്റെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്ന ദിവ്യ എസ് ഐയ്യർക്ക് എല്ലാ ആശംസകളും നേരുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button