ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് താരിഖ് അന്‍വര്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ലതിക പാര്‍ട്ടിവിട്ടത് നിര്‍ഭാഗ്യകരമാണ്. ലതികക്ക് സീറ്റ് നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അവര്‍ മത്സരിക്കാന്‍ ആഗ്രഹിച്ച സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തയാറായില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ കാര്യങ്ങളും രണ്ട് ഗ്രൂപ്പുകള്‍ തീരുമാനിക്കുന്നുവെന്ന് പി.സി ചാക്കോയുടെ ആരോപണത്തിന് താരിഖ് അന്‍വര്‍ മറുപടി നല്‍കി. എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ചുമതല പി.സി ചാക്കോക്ക് ആയിരുന്നു. ഡല്‍ഹിയില്‍ നിലവില്‍ പാര്‍ട്ടിയുടെ സ്ഥിതിദയനീയമാണ്. ഡല്‍ഹിയുടെ ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ ചാക്കോക്ക് കാത്തിരിക്കാമായിരുന്നുവെന്നും താരിഖ് അന്‍വര്‍ ചൂണ്ടിക്കാട്ടി.

നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ന്യൂസ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ താരിഖ് അന്‍വര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News