ചെന്നൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന്റെ നന്ദിസൂചകമായി തമിഴ്നാട്ടില്‍നിന്ന് ബി.ജെ.പി. സഖ്യത്തിലെ 25 പേരെ ലോക്സഭയിലേക്ക് അയക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂരില്‍ ബി.ജെ.പി. പൊതുയോഗത്തില്‍ സംസാരിക്കവേയാണ് ചെങ്കോല്‍ സ്ഥാപനത്തിലൂടെ ബി.ജെ.പി. ലക്ഷ്യംവെക്കുന്നത് തമിഴ്നാട് രാഷ്ട്രീയംതന്നെയാണെന്ന് അമിത് ഷാ വെളിപ്പെടുത്തിയത്.
തമിഴ്നാട്ടില്‍ നിര്‍മിച്ച് ശൈവസന്ന്യാസിമഠമായ തിരുവാടുതുറൈ അധീനം പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് സമ്മാനിച്ച ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി സ്ഥാപിച്ച നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ”ചോള രാജവംശത്തിന്റെ പ്രതീകമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചത്.
നന്ദിസൂചകമായി തമിഴ്നാട് 25 എന്‍.ഡി.എ. എം.പി.മാരെ പാര്‍ലമെന്റിലേക്ക് അയക്കണം”-അമിത് ഷാ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റിലാണ് സംസ്ഥാനത്ത് ബി.ജെ.പി. മത്സരിച്ചത്. ഒന്നില്‍പ്പോലും ജയിക്കാനായില്ല. എന്നാല്‍, ബി.ജെ.പി. മുങ്ങുന്ന കപ്പലാണെന്നും പാര്‍ട്ടിക്ക് തമിഴ്നാട്ടില്‍നിന്ന് ഒരു എം.പി.യെപ്പോലും കിട്ടില്ലെന്നും ഡി.എം.കെ. ഖജാന്‍ജി ടി.ആര്‍. ബാലു പറഞ്ഞു.
തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി എംപി രംഗത്ത്. തമിഴൻ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്ന് കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണ്. ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി പറഞ്ഞു.
തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി കൂട്ടിച്ചേർത്തു.
പാർട്ടി പ്രവർത്തകരുമായി അടച്ചിട്ട മുറിയിൽ നടത്തിയ രഹസ്യചർച്ചയിൽ തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്നാണ്’ അമിത് ഷായോട് എം.കെ സ്റ്റാലിന്‍റെ ചോദ്യം. ‘അമിത് ഷായുടെ നിർദേശം ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ നരേന്ദ്ര മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ലെന്ന്’ സ്റ്റാലിൻ പരിഹസിച്ചു. തമിഴ് നാട്ടിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കിൽ, തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എൽ. മുരുകനും ഉണ്ട്. അവർക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്- സ്റ്റാലിൻ പറഞ്ഞു
അമിത്ഷായുടെ അവകാശവാദം നിരാകരിച്ച എം.കെ.സ്റ്റാലിൻ, പ്രസ്താവന പരസ്യമാക്കാൻ അമിത് ഷായെ വെല്ലുവിളിച്ചു. തമിഴ്നാടിനെ കേന്ദ്രം തഴയുകയാണ്, വികസന പദ്ധതികള്‍ക്ക് പണം അനുവദിക്കേണ്ടത് കേന്ദ്ര സർക്കാരിന്‍റെ ഭരണഘടനാപരമായ കടമയാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.