താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻ കോടതി തള്ളി. ജുവൈനൽ ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ജില്ലാ കോടതിയെ സമീപിച്ചത്. 

ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ച വാദം പൂർത്തിയായിരുന്നു.അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കുട്ടികൾക്ക് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി  പരിഗണിച്ച്  ഇവർക്ക് ജാമ്യം നല്‍കരുതെന്നും രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു  ഷഹബാസിന്‍റെ കുടുംബത്തിന്‍റെ വാദം. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റാരോപിതർ ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. 

ഫെബ്രുവരി 28-നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാർച്ച് ഒന്നിന്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയെ തുടർന്നുണ്ടായ സംഘർഷമാണ് വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News