വഴിത്തിരിവായത് മൂക്കുത്തി; യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍ 

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗുരുഗ്രാമില്‍ താമസിക്കുന്ന അനില്‍ കുമാറാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. മാര്‍ച്ച് 15-ന് നഗരത്തിലെ അഴുക്കുചാലില്‍നിന്ന് ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം ലഭിച്ചിരുന്നു. സിമന്റ് ചാക്ക്, കല്ല് എന്നിവ ചേർത്ത്‌ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. അഴുകിത്തുടങ്ങിയതിനാല്‍ തിരിച്ചറിയാനാകാത്ത അവസ്ഥയായിരുന്നു. പോലീസില്‍ രജിസ്റ്റര്‍ ചെയ്ത മിസിങ് കേസുകളുമായി ഒത്തുനോക്കിയപ്പോഴും തുമ്പു ലഭിച്ചില്ല.

മൃതദേഹത്തില്‍നിന്ന് ഒരു മൂക്കുത്തി കണ്ടെടുത്തിരുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് വഴിത്തിരിവായത്. ആഭരണശാലകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂക്കുത്തി വാങ്ങിയത് തെക്കന്‍ ഡല്‍ഹിയിലെ ഒരു സ്വര്‍ണക്കടയില്‍ നിന്നാണെന്ന് മനസ്സിലായി. അനില്‍ കുമാര്‍ എന്ന വ്യക്തിയുടെ പേരിലായിരുന്നു മൂക്കുത്തി വാങ്ങിയിരുന്നത്. ഗുരുഗ്രാമില്‍ ഒരു ഫാം ഹൗസിലാണ് ഇയാള്‍ താമസിക്കുന്നതെന്ന് പോലീസിന് മനസ്സിലായി. ഇയാളുടെ ഭാര്യ സീമ സിങ്ങിന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് താമസിയാതെ പോലീസ് തിരിച്ചറിഞ്ഞു.

അനില്‍ കുമാറിന്റെ വസതിയിലെത്തി സീമയെക്കുറിച്ച് ചോദിച്ചപ്പോള്‍ വൃന്ദാവനിലേക്ക് പോയെന്നായിരുന്നു മറുപടി. ഫോണ്‍ എടുക്കാതെയാണ് പോയതെന്ന് പറഞ്ഞപ്പോള്‍ പോലീസിന് സംശയമായി. സീമയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരുമായി ബന്ധപ്പെട്ടപ്പോള്‍ മാര്‍ച്ച് 11-ന് ശേഷം മകള്‍ തങ്ങളെ വിളിച്ചിട്ടില്ലെന്ന് മറുപടി നല്‍കി. മകളുടെ വിവരമില്ലാതായപ്പോള്‍ അനില്‍ കുമാറിനെ ബന്ധപ്പെട്ടിരുന്നു. സീമ ജയ്പൂരില്‍ പോയെന്നായിരുന്നു അയാളുടെ മറുപടി.

മകളോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍, സീമ ഇപ്പോള്‍ സംസാരിക്കാനുള്ള അവസ്ഥയില്‍ അല്ലെന്നും സുഖമാകുമ്പോള്‍ വിളിക്കാന്‍ താന്‍ പറയാമെന്നും അനില്‍ കുമാര്‍ പറഞ്ഞു. മകള്‍ വിളിക്കാതായപ്പോള്‍ പോലീസില്‍ പാരാതിപ്പെടാന്‍ തീരുമാനിച്ചു. എന്നാല്‍, സീമ സുരക്ഷിതയാണെന്നും കുറച്ച് കൂടി കാത്തിരിക്കണമെന്നും പറഞ്ഞ് അനില്‍ കുമാര്‍ തങ്ങളെ വിലക്കിയെന്നും മാതാവ് പോലീസിനോട് പറഞ്ഞു.

വൈരുദ്ധ്യം നിറഞ്ഞ മൊഴികളുടെ അടിസ്ഥാനത്തില്‍ അനില്‍ കുമാറിനെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കഴുത്ത് ഞെരിച്ചാണ് സീമയെ കൊല്ലപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ വസതിയില്‍ നടത്തിയ തിരച്ചിലില്‍ തെളിവുകള്‍ കണ്ടെടുത്തെന്നു പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News