കോഴിക്കോട്: ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീര പാചകംചെയ്ത് കഴിച്ചതിനുപിന്നാലെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി അമ്പലമുക്ക് ഹരിശ്രീനിലയത്തില്‍ ശാന്തകുമാരി (68), മകള്‍ ശ്രീജ (43), മരുമകന്‍ സുധീര്‍ (47), സുധീര്‍-ശ്രീജ ദമ്പതിമാരുടെ മകള്‍ ആര്‍ദ്ര (20) എന്നിവര്‍ക്കാണ് ചീര കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചോറിനൊപ്പം ചീരകൊണ്ടുള്ള ഉപ്പേരി കഴിച്ചതിനുപിന്നാലെ തലകറക്കവും, പിച്ചും പേയും പറയുന്നതരത്തിലുള്ള ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഇവരെ ആദ്യം താമരശ്ശേരിയിലെ സംസ്ഥാനപാതയോരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് അരയിടത്തുപാലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒബ്സര്‍വേഷന്‍ ഐ.സി.യു.വില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച നാലുപേരെയും നില ഭേദമായതോടെ വെള്ളിയാഴ്ച മുറികളിലേക്കുമാറ്റി.
ഇവര്‍ക്കുപുറമേ ശ്രീജയുടെ ബി.എസ്.എന്‍.എലിലെ സഹപ്രവര്‍ത്തകയായ ഒരു താമരശ്ശേരി സ്വദേശിനിയും ചെറിയതോതില്‍ ചീരകഴിച്ചിരുന്നു. അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് ഇവര്‍ താമരശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും പിന്നീട് നില ഭേദപ്പെട്ട് മടങ്ങി.
അയല്‍വാസി കൃഷിചെയ്ത ചീര വാങ്ങി ബുധനാഴ്ചയാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും, ഇതിനൊപ്പം വ്യാഴാഴ്ച രാവിലെ തങ്ങളുടെ സ്വന്തം വീട്ടുപറമ്പില്‍നിന്ന് പറിച്ചെടുത്ത ചീരയും ചേര്‍ത്താണ് അന്ന് ഉച്ചയ്ക്ക് ഉപ്പേരി പാചകംചെയ്തതെന്നും വീട്ടുകാര്‍ പറയുന്നു. ചീരയുപ്പേരി കഴിച്ചതിനുപിന്നാലെയായിരുന്നു ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കിയതും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയതും.
വേനൽക്കാലത്ത് താപനില വർദ്ധിക്കുന്നത് ഭക്ഷണസാധനങ്ങൾ വേഗത്തിൽ കേടാകാനും ഭക്ഷ്യവിഷബാധയുണ്ടാകാനും കാരണമാകും. ഈ സാഹചര്യത്തിൽ ഭക്ഷണകാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വേനൽക്കാലത്ത് സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകൾ താഴെ പറയുന്നവയാണ്:
ഭക്ഷണവും പാചകവും
- അപ്പപ്പോൾ തയ്യാറാക്കിയ ഭക്ഷണം: വേനൽക്കാലത്ത് ഭക്ഷണം പാകം ചെയ്തുകഴിഞ്ഞ് അധികനേരം പുറത്തു വെക്കരുത്. ചൂടോടെ തന്നെ കഴിക്കാൻ ശ്രമിക്കുക.
- മാംസാഹാരം ശ്രദ്ധിക്കുക: ഇറച്ചി, മീൻ, മുട്ട എന്നിവ വേനൽക്കാലത്ത് വേഗത്തിൽ ബാക്ടീരിയ ബാധിക്കാൻ സാധ്യതയുള്ളവയാണ്. ഇവ നന്നായി വേവിച്ചു മാത്രം കഴിക്കുക.
- പഴങ്ങളും പച്ചക്കറികളും: പുറത്തുനിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും ഉപ്പുവെള്ളത്തിലോ വിനാഗിരി ചേർത്ത വെള്ളത്തിലോ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
- തുറന്നുവെച്ച ഭക്ഷണം ഒഴിവാക്കുക: തെരുവോരങ്ങളിലെയും മറ്റും തുറന്നുവെച്ച ഭക്ഷണപദാർത്ഥങ്ങൾ, മുറിച്ചുവെച്ച പഴങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഈച്ചകളും മറ്റും വഴി രോഗാണുക്കൾ പടരാൻ ഇത് കാരണമാകും.
സംഭരണം (Storage)
- ഫ്രിഡ്ജിന്റെ ഉപയോഗം: പാകം ചെയ്ത ഭക്ഷണങ്ങൾ തണുത്ത ശേഷം ഉടൻ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. എന്നാൽ ഫ്രിഡ്ജിൽ വെച്ച ഭക്ഷണം പിന്നീട് ഉപയോഗിക്കുമ്പോൾ നന്നായി തിളപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യണം.
- അമിതമായി സൂക്ഷിക്കരുത്: ഫ്രിഡ്ജിൽ ആണെങ്കിൽ പോലും ദിവസങ്ങളോളം പഴകിയ ഭക്ഷണം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- പാലും പാലുൽപ്പന്നങ്ങളും: പാല് വാങ്ങിയാലുടൻ തിളപ്പിക്കുക. തൈര്, വെണ്ണ തുടങ്ങിയവ വേഗത്തിൽ പുളിച്ചുപോകാൻ സാധ്യതയുള്ളതിനാൽ ശരിയായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കുക.
പാനീയങ്ങളും ശുചിത്വവും
- ശുദ്ധജലം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
- ജലാംശമുള്ള ഭക്ഷണങ്ങൾ: തണ്ണിമത്തൻ, വെള്ളരിക്ക, നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
- കഫീൻ ഒഴിവാക്കുക: ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയങ്ങളിൽ ഒഴിവാക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിലെ ജലാംശം കുറയ്ക്കാൻ ഇടയാക്കും.
- വ്യക്തിശുചിത്വം: ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.
പ്രത്യേകം ശ്രദ്ധിക്കാൻ: ചെറിയ രീതിയിലുള്ള തലകറക്കമോ, വയറിളക്കമോ, ഛർദ്ദിയോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ തന്നെ ഒരു ഡോക്ടറുടെ സഹായം തേടുക
Four members of a family in Thamarassery were hospitalized due to food poisoning after consuming spinach (Cheera) stored in the refrigerator. The victims experienced severe dizziness and disorientation immediately after their lunch on Thursday. While they were initially treated in ICU, their conditions have now stabilized and they are currently recovering in hospital rooms.


