ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി

കണ്ണൂര്‍: ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സി.ഒ.ടി.നസീര്‍. പ്രഖ്യാപിച്ചതല്ലാതെ ബി.ജെ.പിയുടെ പിന്തുണ പ്രചാരണങ്ങളിലൊന്നും തനിക്ക് ലഭിച്ചില്ലെന്ന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നസീര്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കാസര്‍ഗോട്ട് പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നല്‍കിയിട്ടില്ല. അതിനാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് നസീര്‍ കൂട്ടിച്ചേര്‍ത്തു.

തടിയൂരാന്‍ വേണ്ടിയാണ് ബിജെപി തനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.

തലശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ നാമനിര്‍ദേശപത്രിക തള്ളിപ്പോയതോടെയാണ് നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണു പിന്തുണയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിശദീകരിക്കുകയും ചെയ്തു. ബിജെപിക്ക് കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലമാണ് തലശേരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News