കണ്ണൂർ:തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയിൽ പറയിപ്പിച്ചതാണെന്നും സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ പറയുന്നു.
ഫസൽ വധക്കേസിൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്.
മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷ് മൊഴി നൽകിയത്. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന മൊഴി സുബീഷിനെ കസ്റ്റഡിയിൽ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും സിബിഐ സംഘം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
2006 ഒക്ടോബർ 22-നാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായ ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാൽ കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷ് കുറ്റസമ്മതമൊഴി നൽകിയിരുന്നു.
എന്നാൽ സുബീഷിന്‍റെ ഈ വെളിപ്പെടുത്തൽ പൊലീസ് കസ്റ്റഡിയിൽ വച്ച് പറയിപ്പിച്ചതാണെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ജൂലൈ 7-നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഫസലിന്‍റെ സഹോദരൻ അബ്ദുൾ സത്താറിന്‍റെ ഹർജി പരിഗണിച്ചായിരുന്നു സിബിഐയോട് കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇരിഞ്ഞാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരക് ഉൾപ്പടെയുള്ളവരാണ് ഫസലിനെ വധിച്ചതെന്ന സുബീഷിന്‍റെ മൊഴിയിൽ തുടരന്വേഷണം വേണമെന്നായിരുന്നു അബ്ദുൾ സത്താറിന്‍റെ ഹർജിയിലെ ആവശ്യം.
വർഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ കേസാണ് തലശ്ശേരി ഫസൽ വധം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകക്കേസുകളിൽ സിബിഐ ഏറ്റെടുത്ത ആദ്യകേസ് കൂടിയാണ് ഫസൽ വധം. ആർഎസ്എസ് പ്രവർത്തകനായ കുപ്പി സുബീഷ് ഫസൽ വധത്തെ കുറിച്ച് പൊലീസിന് നൽകിയ മൊഴിയുടെ വീഡിയോ ചാനലുകളിലൂടെ പുറത്തായത് വലിയ രാഷ്ട്രീയകോളിളക്കങ്ങൾക്കാണ് വഴി വച്ചത്. ഫസലിനെ താൻ ഉൾപ്പെടുന്ന സംഘം എങ്ങനെയാണ് വധിച്ചത് എന്ന് സുബീഷ് വീഡിയോ ദൃശ്യത്തിൽ വിവരിക്കുന്നുണ്ടായിരുന്നു.
സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസിൽ പങ്കില്ലെന്നും താനുൾപ്പെടുന്ന ആർഎസ്എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്നും ആർഎസ്എസ് പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനൻ വധക്കേസിൽ ചോദ്യം ചെയ്യവെയാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആർഎസ്എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുൾപ്പെട്ട സംഘമാണ് ഫസൽ വധത്തിന് പിന്നിലെന്നാണ് സുബീഷിന്‍റെ മൊഴി.
ഇതോടെ ഫസൽ വധക്കേസിൽ കാരായിമാർ നിരപരാധികളാണെന്ന വാദം ശക്തമായി. എന്നാൽ തൊട്ടടുത്ത ദിവസം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുബീഷ് തന്‍റെ മൊഴി നിഷേധിച്ചു. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് വീഡിയോയിൽ കാണുംവിധം പറയിച്ചതെന്ന് സുബീഷ് പറഞ്ഞു.
എന്നാൽ, അടുത്ത ദിവസം തന്നെ സുബീഷ് കൊലപാതകത്തെ കുറിച്ച് ഒരു ആർഎസ്എസ് നേതാവിനോട് വിവരിക്കുന്ന ഫോൺ സംഭാഷണം പുറത്തായി. ഇത് ഫസലിന്‍റെ സഹോദരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. മട്ടന്നൂർ കോടതിയിൽ സുബീഷ് മുമ്പ് നൽകിയ മൊഴിയിൽ പൊലീസ് തന്നെ ക്രൂരമായി മർദിച്ചിട്ടില്ല എന്ന് പറഞ്ഞെന്ന റിപ്പോർട്ടും പുറത്തുവന്നു. ഫസലിന്‍റെ സഹോദരൻമാർ ഇരുവരും കൊലപാതകം സിപിഎം നടത്തിയതല്ലെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഫസലിന്‍റെ ഭാര്യയും സഹോദരിയും നിലവിൽ സിബിഐ കണ്ടെത്തിയ പ്രതികൾ തന്നെയാണ് കുറ്റക്കാർ എന്നാണ് അഭിപ്രായപ്പെടുന്നത്.