രജനിയുടെ നായികയായി വീണ്ടും ഐശ്വര്യ റായ്; എന്തിരനുശേഷം വീണ്ടും തമിഴില്‍

ചെന്നൈ: നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐശ്വര്യ റായ് തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. രജനീകാന്തിനെ നായകനാക്കി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന സിനിമയിലും ഐശ്വര്യ റായ് ആണ് നായികയെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

ശങ്കര്‍ സംവിധാനം ചെയ്ത ‘എന്തിരന്‍’ സിനിമയില്‍ രജനിയുടെ നായികയായിരുന്നു ഐശ്വര്യ. വന്‍ഹിറ്റായിരുന്നു ഈ സിനിമ. രജനി-ഐശ്വര്യ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത് ആരാധകര്‍ക്കും സന്തോഷമേകുന്നതാണ്. കോലമാവ് കോകി, ഡോക്ടര്‍ എന്നീ സിനിമകളുടെ സംവിധായകനാണ് നെല്‍സണ്‍ ദിലീപ് കുമാര്‍.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഏതാനും ദിവസം മുന്‍പാണ് നെല്‍സണ്‍ ദിലീപ്കുമാറും രജനീകാന്തും ഒന്നിച്ചുള്ള സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം സണ്‍പിക്‌ചേഴ്‌സ് നടത്തിയത്. ഐശ്വര്യ റായിയുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പക്ഷേ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

വിജയ്യുടെ പുതിയ സിനിമയായ ബീസ്റ്റിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിന്റെ തിരക്കുകളിലാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍. ബീസ്റ്റ് ഏപ്രിലിലാണ് തിയേറ്ററുകളില്‍ എത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News