ടെക്‌സസ്: സംസ്ഥാനത്തെ സർക്കാർ ഏജൻസികളിലും സർവകലാശാലകളിലും ഉൾപ്പെടെ പുതിയ എച്ച്-1 ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഗവർണർ ഉത്തരവിട്ടു. അമേരിക്കക്കാർക്ക് ജോലിലഭ്യത ഉറപ്പുവരുത്താനും വിസ പദ്ധതിയിലെ ദുരുപയോഗവും കണക്കിലെടുത്താണ് പുതിയ എച്ച്-1 ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ റിപ്പബ്ലിക്കൻ ഗവർണറായ ഗ്രേഗ് ആബട്ട് നിർദേശം നൽകിയത്. 2027 മേയ് 31 വരെ ടെക്‌സസിൽ പുതിയ എച്ച്1 ബി വിസ അപേക്ഷകൾക്കുള്ള നിയന്ത്രണം തുടരും.
ഇനിമുതൽ ടെക്‌സസ് വർക്ക്‌ഫോഴ്‌സ് കമ്മീഷന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ സംസ്ഥാന ഏജൻസികൾക്കോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ പുതിയ എച്ച്-1ബി അപേക്ഷകൾ നൽകാൻ കഴിയില്ല.
ഫെഡറൽ എച്ച്-1 ബി വിസയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും അമേരിക്കയിലെ ജോലികൾ അമേരിക്കക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് പുതിയ എച്ച്-1 ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഉത്തരവിട്ടതെന്ന് ഗവർണർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് എല്ലാ സർക്കാർ ഏജൻസികൾക്കും നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
യോഗ്യതയുള്ള അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ ശ്രമിക്കാതെ വിദേശ തൊഴിലാളികളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്നതിനായി ചിലർ എച്ച്-1 ബി വിസ പദ്ധതി ദുരുപയോഗം ചെയ്യുന്നതായാണ് ഗവർണറുടെ ആരോപണം. ചില സന്ദർഭങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസയിലുള്ളവരെ നിയമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. എച്ച്-1ബി വിസ ഉപയോഗിക്കുന്ന എല്ലാ ഏജൻസികളും സർവകലാശാലകളും 2026 മാർച്ച് 27-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഗവർണർ നിർദേശിച്ചു. നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, അമേരിക്കക്കാരെ നിയമിക്കാൻ നടത്തിയ ശ്രമങ്ങൾ എന്നിവ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞവർഷം എച്ച്-1 ബി വിസയ്ക്കുള്ള ഫീസ് കുത്തനെ ഉയർത്തിയിരുന്നു. ഒരുലക്ഷം ഡോളറാക്കിയാണ് വിസ ഫീസ് ട്രംപ് വർധിപ്പിച്ചത്. ഇതിനെതിരേ ഇരുപതിലധികം സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും ടെക്‌സസ് ഈ ഹർജിയിൽ കക്ഷിചേർന്നിരുന്നില്ല.
പ്രൊഫസർമാർ, ഗവേഷകർ, ഡോക്ടർമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള തസ്തികകളിലേക്ക് പ്രാദേശിക ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത സാഹചര്യത്തിൽ ടെക്‌സസിലെ സർവകലാശാലകളും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രധാനമായും ആശ്രയിച്ചിരുന്നത് എച്ച്-1 ബി വിസ പദ്ധതിയെയായിരുന്നു. വർഷംതോറും 65,000-ഓളം വിസകളാണ് അനുവദിച്ചിരുന്നത്.
യുഎസിലെ എച്ച്-1ബി വിസയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2024 സാമ്പത്തിക വർഷത്തിൽ അനുവദിച്ച വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നു. എന്നാൽ, 2025-ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ ഐടി കമ്പനികൾക്ക് വിസ അനുവദിച്ചതിൽ 37 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ വിസ അപേക്ഷകർക്കായി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളറിന്റെ ഫീസും ഇതിനെ ബാധിച്ചു.


