CrimeHome-bannerNationalNews

കാശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടോടെ ശ്രീനഗര്‍ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള്‍ പൊലീസ് ബസ് ആക്രമിച്ചത്. ജമ്മുകശ്മീര്‍ സായുധ പൊലീസിനെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ജമ്മു കശ്മീർ ഡി ജി പി പൊലീസുകാരുടെ മരണം സ്ഥിരീകരിച്ചു.

 നാൽപത്തിയെട്ട് മണിക്കൂറിനിടെ കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഭീകരാക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക അറിയിപ്പ്. ജമ്മു കശ്മീർ പൊലീസിന്‍റെ ഒന്‍പതാം ബറ്റാലിയിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.

സംഭവസ്ഥലം അടച്ചിട്ട് സുരക്ഷ സേന ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രദേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബസിനെതിരെ തീവ്രവാദികള്‍ വലിയതോതില്‍ വെടിയുതിര്‍‍ക്കുകയും, സ്ഫോടക വസ്തുക്കള്‍ എറിയുകയും ചെയ്തുവെന്നാണ് ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നത്.

കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. അവന്തിപ്പോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ  തെരച്ചിലിനിടെയാണിത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐ.ജി വിജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

തെരച്ചില്‍ നടത്തുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചയോടെ ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്.  ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സുരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നതെന്നും ഐ.ജി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button