ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. എം.ജി.ആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഇതേ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും മറ്റും ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.
കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് സ്ഫോടനം നടന്നിരുന്നു. കാഞ്ചിപുരം ഗംഗയമന്‍ ക്ഷേത്രത്തിന് സമീപം നടന്ന സ്ഫോടനത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനം ഉണ്ടായത്. റെയില്‍വേ സ്റ്റേഷനുകളും അമ്പലവും കേന്ദ്രീകരിച്ച് ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ സ്ഫോടനം നടത്തുമെന്ന് പറഞ്ഞ് രജിസ്ട്രാര്‍ക്ക് കത്ത് ലഭിച്ചിരുന്നു.