മലപ്പുറത്ത് ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണവും മോഷണവും

മലപ്പുറം: മലപ്പുറം തിരൂരില്‍ ആരാധനാലയങ്ങക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ക്ഷേത്രങ്ങളിലും പള്ളികളിലും നാശനഷ്ടം വരുത്തിയ സംഘം മോഷണവും നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

<p>മലപ്പുറം ജില്ലയിലെ താനാളൂര്‍ അരീക്കാട് ജുമാമസജിദ്, തലക്കടത്തുര്‍ വിഷ്ണു അയ്യപ്പക്ഷേത്രം, അരീക്കാട് കുനിയില്‍ പാറപ്പുറം തഖ്വ പള്ളി എന്നിവക്ക് നേരയാണ് സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തിയത്. ചെവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ രണ്ട് ദീപസ്തംഭങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. അരിക്കാട് കുനിയില്‍ പാറപ്പുറം തഖ്വ പള്ളിയുടെയും അരീക്കാട് ജുമാ മസ്ജിദ്‌ന്റെയും വാതില്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം രണ്ടിടത്തെയും മൈക്ക് സെറ്റ് മോഷ്ടിച്ചു.</p>

<p>തഖ്വ പള്ളിയിലെ തലപ്പാവുകള്‍ സ്റ്റാന്റടക്കം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. തലപ്പറമ്പിലെ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം മോഷ്ടിച്ച സംഘം ഖുതുബുസമാന്‍ പള്ളിയുടെ വാതില്‍ തകര്‍ക്കാനും ശ്രമം നടത്തി. ശബ്ദം കേട്ട് പള്ളിയിലെ ജീവനക്കാരന്‍ ഉണര്‍ന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞത്തിയ ജനപ്രതിനിധികളും ക്ഷേത്ര, പള്ളി കമ്മിറ്റി ഭാരവാഹികളും സംയുക്തമായി അക്രമിക്കപ്പെട്ട ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു.</p>

<p>അക്രമം നടത്തിയവരെ എത്രയും വേഗം പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തിരൂര്‍ സിഐ ഫര്‍ഷാദിന്റെയും താനൂര്‍ സിഐ പ്രമോദിന്റെയും നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News