KeralaNews

ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്. ഐ.എം.എ.

തിരുവനന്തപുരം: കൊവിഡ് രോഗബാധ രാജ്യത്ത് നിയന്ത്രണാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ ഉടന്‍ തുറക്കരുത്. ഐ.എം.എ.ഇളവുകള്‍ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈറസ്സിനോടാണ് നമ്മുടെ യുദ്ധമെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പി ക്കേണ്ടിവരുന്നതായി ഐ.എം.എ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥയിലാണ് രോഗ വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് എന്ന കാര്യം ലോകത്ത് എല്ലായിടത്തും അനുഭവമാണ്. ജീവിതാവശ്യങ്ങള്‍ക്കായി ഇളവുകള്‍ നല്‍കി പുറത്തിറങ്ങിയവര്‍ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്‌ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ സഹോദരര്‍ ഇതിനൊന്നും സജ്ജരായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്ന നമ്മുടെ സഹോദരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടിവരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതില്‍ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാന്‍.

ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി ഞങ്ങള്‍ നല്‍കുകയാണ്; രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു. അത്തരമൊരു സാഹചര്യം വന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാവാന്‍ അനുവദിക്കരുത്.

ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് തന്നെയാണ് ഐ.എം.എ.യുടെ സുചിന്തിതമായ അഭിപ്രായം പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗ്ഗീസ്
സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ എന്നിവർ വർത്തകുറിപ്പിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker