ബെംഗളൂരു: നഗരത്തിൽ താപനില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ നഗരത്തിലെ കൂടിയ താപനില 34.5 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ 5 വർഷത്തിനിടെ മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വേനൽമഴ പെയ്തില്ലെങ്കിൽ വരുംദിവസങ്ങളിൽ താപനില 36ഡിഗ്രി കടക്കും. സംസ്ഥാനത്ത് കലബുറഗിയിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്– 37.71ആണ് കഴിഞ്ഞ ദിവസം കലബുറഗിയിലെ ചൂട്. ഗദഗിൽ 35.4 ഡിഗ്രിയും ബെളഗാവിയിൽ 34.6 ഡിഗ്രിയുമാണ് കൂടിയ താപനില.
ചൂട് കുതിച്ചുയർന്നതോടെ നഗരത്തിലെ പാർക്കുകളിൽ വിശ്രമിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചു. തണൽമരങ്ങൾ നിറഞ്ഞ കബ്ബൺ പാർക്കിൽ ഉച്ച നേരങ്ങളിൽ ഇരിപ്പിടങ്ങൾ നിറയുന്നതോടെ മരച്ചുവട്ടിൽ പോലും തിരക്കാണ്. പാർക്കിലെ ചെടികൾ നനയ്ക്കുന്ന സ്പ്രിങ്ങളറുകൾക്ക് ചുറ്റിലും പക്ഷികളുടെ കൂട്ടമാണ്. പക്ഷികൾക്ക് വെള്ളം കുടിക്കാനായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പാർക്കിൽ പലയിടത്തായി പാത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.