‘ഒരു വലിയ അപകടം… ബസ് കൊക്കയില്‍ മറിഞ്ഞ് 3 കുട്ടികള്‍ അടക്കം 16 പേരോളം ഈ അവധിക്കാലത്ത് മരിക്കുന്നത് കാണുന്നു’; വാല്‍പ്പാറ അപകടത്തിന് ആറുനാള്‍ മുമ്പ് ടെലിപ്പതി വഴി താന്‍ ദുരന്തം പ്രവചിച്ചു എന്നവകാശപ്പെട്ട് യുവതിയുടെ പോസ്റ്റ്; മരണസംഖ്യ കുറഞ്ഞത് ആത്മീയ ശക്തി ഉപയോഗിച്ചെന്നും അവകാശവാദം

പൊള്ളാച്ചി: വാല്‍പ്പാറ അപകടം ‘ പ്രവചിച്ചു’ അല്ലെങ്കില്‍ ‘മുന്നറിയിപ്പ് ‘നല്‍കി എന്നവകാശപ്പെടുന്ന യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറല്‍. ടെലിപ്പതി’ (Telepathy) വഴിയാണ് താന്‍ ഈ അപകടം മുന്‍കൂട്ടി കണ്ടതെന്നാണ് യുവതിയുടെ അവകാശവാദം.

അപകടം നടക്കുന്നതിന് ആറ് ദിവസം മുമ്പ് തന്നെ താന്‍ ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു എന്ന് യുവതി അവകാശപ്പെടുന്നു. ആര്‍ വി മായ007 എന്ന ഇന്‍സ്റ്റ പേജിലാണ് പോസ്റ്റ് വന്നത്.

‘ഒരു വലിയ അപകടം… ബസ് കൊക്കയില്‍ മറിഞ്ഞ് 3 കുട്ടികള്‍ അടക്കം 16 പേരോളം ഈ അവധിക്കാലത്ത് മരിക്കുന്നത് കാണുന്നു’ എന്നായിരുന്നു യുവതിയുടെ മുന്‍പത്തെ പോസ്റ്റിലെ ഉള്ളടക്കം.

Its ടെലിപതി… വരാന്‍ പോകുന്ന ഒരു കാര്യം ടെലിപതി ആയി കണ്ടു.. അതിന്റെ എഫക്ട് കുറക്കാന്‍ വേണ്ടി post ഇട്ടു…. അത് സത്യമാകാം അല്ലാതെയും ആകാം….സത്യമായും നടക്കാതെയും ഇരിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.. പ്രാര്‍ത്ഥിക്കുന്നു….എന്തായാലും അവധികാലത്തും അല്ലാതെയും യാത്ര തിരഞ്ഞെടുക്കുന്നവര്‍ നന്നായി ശ്രദ്ധിച്ചു പോയി വരിക….

അപകടത്തിന്റെ തീവ്രത കുറയ്ക്കാന്‍ താന്‍ ‘Spiritual Communication Effect’ പ്രയോഗിച്ചതായും, അതിന്റെ ഫലമായാണ് മരണസംഖ്യ കുറഞ്ഞതെന്നും യുവതി തന്റെ പുതിയ പോസ്റ്റുകളില്‍ പറയുന്നു.

അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ നമ്പറും തന്റെ വണ്ടിയുടെ നമ്പറും തമ്മിലുള്ള സാമ്യത്തെക്കുറിച്ചും യുവതി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

മാക്‌സിമം share ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ …. ഈ അപകടം ഒഴിവാക്കാന്‍ കൂടുതല്‍ പറ്റിയേനെ… അല്ലങ്കില്‍ ഇനിയും അതിന്റെ തീവ്രത കുറഞ്ഞേനെ…….പോസ്റ്റ് കാണുന്നവര്‍ ഇനി എങ്കിലും ടെലിപതി പോസ്റ്റ് share ചെയിതു കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കാന്‍ എന്നെ സഹായിക്കു….. Pls…. എനിക്കു ഈ deprnss താങ്ങാന്‍ ആവുന്നില്ല.-ഏറ്റവുമൊടുവില്‍ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.

ഈ അപകടം ക്യത്യമായി മുന്‍കൂട്ടി കണ്ടുതാന്‍ പോസ്റ്റിട്ടിട്ടും ആരും ശ്രദ്ധിച്ചില്ലെന്നും തന്റെ 7കെ ഫോളോവേഴ്‌സ് ഒന്ന് ഷെയര്‍ ചെയ്തിരുന്നെങ്കില്‍, ഒരു പക്ഷേ പോസ്റ്റ് കണ്ട് കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചേനെയെന്നും, തീരാ നഷ്ടമെന്നും മറ്റൊരു പോസ്റ്റില്‍ പറയുന്നുണ്ട്.

പാരനോര്‍മല്‍ ഇന്‍വസ്റ്റിഗേറ്റര്‍ എന്നാണ് ആര്‍ വി മായ007 ഇന്‍സ്റ്റ പ്രൊഫൈലില്‍ വിശദീകരിക്കുന്നത്. RV.RIDER’Z VLOGS എന്ന പേരില്‍ യുട്യൂബ് ചാനലുമുണ്ട്. മൂന്നാര്‍ പവര്‍ ഹൗസ് വളവിലെ അജ്ഞാതരൂപം, മൂന്നാം പാറയിലെ ആത്മാക്കളുടെ കഥ, ഹോണ്ടഡ് പ്രേളസ് ഇന്‍ കേരള, പ്രേതം വന്നുപണി കിട്ടി, തിരുവനന്തപുരം സുമതി വളവ് ഒരു പാരാ നോര്‍മല്‍ ഇന്‍വസ്റ്റിഗേഷന്‍ അനുഭവത്തിലൂടെ തുടങ്ങിയ നിരവധി വീഡിയോകളും ഈ ചാനലില്‍ പങ്കുവച്ചിട്ടുണ്ട്.

യുവതിയുടെ പോസ്റ്റുകള്‍ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ശാസ്ത്രീയമായ തെളിവുകളില്ലാത്ത ഇത്തരം ടെലിപ്പതി അവകാശവാദങ്ങള്‍ വെറും അന്ധവിശ്വാസമാണെന്നും, അപകടം നടന്ന ശേഷം പഴയ പോസ്റ്റുകള്‍ എഡിറ്റ് ചെയ്തതോ അല്ലെങ്കില്‍ ആകസ്മികമായി സംഭവിച്ചതോ ആകാം ഇതെന്നും ഒരു വിഭാഗം വാദിക്കുന്നു. ഇത്തരം പോസ്റ്റുകള്‍ ആളുകളില്‍ അനാവശ്യ ഭീതി പടര്‍ത്താന്‍ കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയര്‍പിന്‍ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികളാണ് മരിച്ചത്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്‌കൂളിലെ അധ്യാപക സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ശ്രദ്ധിക്കുക: ടെലിപ്പതി അല്ലെങ്കില്‍ അതീന്ദ്രിയ ജ്ഞാനം വഴി അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുമെന്നതിന് നിലവില്‍ ശാസ്ത്രീയമായ അടിത്തറയൊന്നുമില്ല. ഇത്തരം പ്രചാരണങ്ങളെ വിവേകത്തോടെ സമീപിക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News