NationalNews

തെലങ്കാന രാഷ്ട്രസമിതി ഇനി ‘ഭാരതീയ രാഷ്ട്ര സമിതി’ അങ്കത്തട്ട് ഇന്ദ്രപ്രസ്ഥമാക്കാന്‍ കെസിആര്‍; ലക്ഷ്യം ഫെഡറല്‍ മുന്നണി, ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രഖ്യാപനം ഉടന്‍

ഹൈദരാബാദ്: തെലങ്കാന മോഡല്‍ വികസനം രാജ്യമെങ്ങും എന്ന ആഹ്വാനവുമായി ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങി കെസിആര്‍. തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കിയാണ് മാറ്റുന്നത്. ഞായറാഴ്ച മുതിര്‍ന്ന ടിആര്‍എസ് നേതാക്കള്‍ക്ക് മുന്നില്‍ കര്‍മ്മപദ്ധതി കെസിആര്‍ അവതരിപ്പിക്കും. വിപുലമായ പരിപാടികളുമായി പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് നീക്കം. കോണ്‍ഗ്രസ് ഒഴികെ മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ആലോചന.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ നിന്ന് ടിആര്‍എസ് വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസില്ലാത്ത ഫെഡറല്‍ മുന്നണി ആശയമാണ് ടിആര്‍എസ് മുന്നോട്ടുവയ്ക്കുന്നത്. അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍, ദേവഗൗഡ, അണ്ണാഹസാരെ തുടങ്ങിയവരെ വസതിയിലെത്തി നേരത്തെ കെസിആര്‍ കണ്ടിരുന്നു. പിണറായി വിജയന്‍, സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കള്‍ തെലങ്കാന സന്ദര്‍ശനത്തിനിടെ കെസിആറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്‍ ടി രാമറാവുവിനും വൈഎസ്ആറിനും ജയലളിതയ്ക്കും ശേഷം തെക്കേന്ത്യയില്‍ നിന്ന് ഇത്രയേറെ ദേശീയ ശ്രദ്ധ ലഭിച്ച മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് ടിആര്‍എസ് അവകാശപ്പെടുന്നു. മകന്‍ കെ ടി രാമറാവുവിന് സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ ചുമതല നല്‍കാനും നീക്കമുണ്ട്. അതേസമയം, മതാ ബാനര്‍ജി ഇന്നലെ വിളിച്ച യോഗം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിലേക്കുള്ള സൂചനയായി. മമത വിളിച്ച യോഗത്തില്‍ 17 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്.

കോണ്‍ഗ്രസും ഇടതുപക്ഷവും സമാജ്‌വാദി പാര്‍ട്ടിയുമെല്ലാം യോഗത്തിലേക്കെത്തി. മൊത്തം 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, മുസ്ലിം ലീഗ്, ആര്‍ എസ് പി, സമാജ്‌വാദി പാര്‍ട്ടി, ആര്‍ എല്‍ ഡി, ശിവസേന, എന്‍ സി പി, ഡി എം കെ, പി ഡി പി, എന്‍ സി, ആര്‍ ജെ ഡി, ജെ ഡി എസ്, ജെ എം എം, സി പി ഐ എം എല്‍ എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ടി ആര്‍ എസ്, എ എ പി, ബി ജെ ഡി, അകാലിദള്‍ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ മമത ബാനര്‍ജി കൊണ്ടു വന്ന പ്രമേയത്തില്‍ പ്രതിപക്ഷ യോഗത്തില്‍ തര്‍ക്കം ഉണ്ടായി. പ്രമേയം അതേപടി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം നിലപാടെടുത്തു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നാലുവരി മാത്രം യോഗം അംഗീകരിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാകണമെന്നതില്‍ യോഗത്തില്‍ തീരുമാനമായിട്ടില്ല. ഗോപാല്‍കൃഷ്ണ ഗാന്ധി, ഫറൂഖ് അബ്ദുള്ള എന്നിവരുടെ പേര് മമത ബാനര്‍ജി മുന്നോട്ടു വച്ചു. എന്നാല്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറഞ്ഞിട്ടില്ല. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിന്റെ പേര് നേരത്തെ തന്നെ ഉയര്‍ന്നിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം അംഗീകരിച്ചിട്ടില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഇന്നത്തെ യോഗത്തില്‍ ശരദ് പവാര്‍ ആവര്‍ത്തിച്ചു. നേരത്തെ തന്നെ ഇക്കാര്യം ഇടത് നേതാക്കളെ നേരത്തെ തന്നെ ശരദ് പവാര്‍ അറിയിച്ചിരുന്നു.

സമവായ സ്ഥാനാര്‍ത്ഥി എന്ന സൂചന എന്‍ഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാല്‍ ഒരു മത്സരത്തിനില്ലെന്ന നിലപാടാണ് പവാര്‍ സ്വീകരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പവാര്‍ ഇടതുനേതാക്കളെ അറിയിച്ചിരുന്നു. പകരം ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദേശമാണ് നേരത്തെ പവാര്‍ മുന്നോട്ടുവെച്ചത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്‍ വിമുഖത അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button