News

ബുള്ളി ഭായിക്ക് ശേഷം ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ടെലിഗ്രാം ഗ്രൂപ്പുകള്‍; ഗ്രൂപ്പുകള്‍ പിന്‍വലിച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച ബുള്ളി ഭായ് ആപ്പിന് പുറമേ ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ടെലിഗ്രാം, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍. ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗ്രൂപ്പുകള്‍ പിന്‍വലിച്ചതായും മന്ത്രി പറഞ്ഞു. ടെലിഗ്രാം ചാനലും ഫേസ്ബുക്കിലെ ഗ്രൂപ്പുകളും പേജുകളും ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് അവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന അന്‍ഷുല്‍ സക്‌സേന എന്ന യൂട്യൂബറുടെ പരാതിക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ‘ചാനല്‍ ബ്ലോക്ക് ചെയ്തു. തുടര്‍ നടപടികള്‍ക്കായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ചര്‍ച്ച നടത്തും,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഫേസ്ബുക്കില്‍ അധിക്ഷേപകരമായ രീതിയിലുള്ള നിരവധി പേജുകളും ഗ്രൂപ്പുകളുമുണ്ടെന്നും ഇവയ്ക്കെതിരെ നടപടിയെടുക്കണമെന്നും അന്‍ഷുല്‍ സക്‌സേന ട്വീറ്ററിലൂടെ പരാതിപ്പെട്ടിരുന്നു. പരാതി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയെ അറിയിക്കാനും പരാതിയില്‍ പറയുന്ന തരത്തിലുള്ള ഗ്രൂപ്പുകള്‍ കണ്ടെത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

അതേസമയം, മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ലേലത്തിനായി ബുള്ളി ഭായ് ആപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് സിഖ് പേരുകളില്‍ ഉണ്ടാക്കിയ അക്കൗണ്ടുകളിലൂടെയാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസില്‍ കസ്റ്റഡിയയിലെടുത്ത യുവതിയാണ് വ്യാജ സിഖ് പ്രൗഫൈലുകള്‍ സൃഷ്ടിച്ച് വിദ്വേഷ പ്രചാരണം നയിച്ചത്. കേസിലെ മുഖ്യപ്രതിയായ യുവാവും ഇത്തരത്തില്‍ സിഖ് പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു ആപ്പ് നിയന്ത്രിച്ചിരുന്നത്. ഖല്‍സാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു ഇയാള്‍ അക്കൗണ്ട് ഉണ്ടാക്കിയത്. ഡിസംബര്‍ 31ന് മറ്റു അക്കൗണ്ടുകളും ഇയാള്‍ സിഖുകാരുമായി ബന്ധപ്പെടുത്തുന്ന ഖല്‍സ പേരുകളിലേക്ക് മാറ്റിയിരുന്നു.

സംഭവത്തിന് പിന്നില്‍ സിഖ് സമൂഹമാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഇത്തരത്തിലൊരു നീക്കം എന്നാണ് പറയപ്പെടുന്നത്. ട്വിറ്ററിലൂടെയും ബുള്ളി ഭായ് എന്ന ആപ്പിന്റെ പ്രചാരണം ഇവര്‍ നടത്തിയിരുന്നു. ഖലിസ്ഥാന്‍ ചിത്രമുപയോഗിച്ച് സൃഷ്ടിച്ച ബുള്ളി ഭായ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയായിരുന്നു ആപ്പിന്റെ പ്രചാരണം.
പ്രസിദ്ധ മാധ്യമപ്രവര്‍ത്തക ഇസ്മിത് ആറയാണ് ബുള്ളി ഭായ് ആപ്പിനെതിരെ ആദ്യമായി രംഗത്തു വന്നത്. തന്റെ ഫോട്ടോകള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് പറഞ്ഞത്.

ഇതിനു പിന്നാലെ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സി.എ.എ വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയേയും ബുള്ളി ഭായ് ആപ്പില്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. നേരത്തെ സുള്ളി ഡീല്‍സ് ആപ്പിലും ഇവരുടെ ചിത്രങ്ങള്‍ സഹിതം പ്രചരിച്ചിരുന്നു. തിരിച്ചറിയാനാവാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്പേജില്‍ അപ്ലോഡ്ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘മോശമായതും അംഗീകരിക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍ എന്റെ മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോ ഒരു വെബ്സൈറ്റില്‍ കണ്ടു. ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് ഞാന്‍ നിരന്തരം ഇരയാവാറുണ്ട്. ഇത് അത്തരം ചൂഷണത്തിന്റെ അടുത്ത ഘട്ടമായാണ് തോന്നുന്നത്. എന്നെപ്പോലെ സ്വതന്ത്രരായ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രവര്‍ത്തിയെന്ന് വ്യക്തമാണ്. അതിനാല്‍ ഇതില്‍ അടിയന്തര നടപടി വേണം.

‘ബുള്ളി ഭായ്’ എന്ന പേര് തന്നെ അപമാനിതമാണ്. ഈ വെബ്സൈറ്റിന്റെ കണ്ടന്റ് മുസ്ലിം സ്ത്രീകളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്,” മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ‘ബുള്ളി ഭായ്’ എന്ന പേരില്‍ പുതിയ ആപ്പിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തന്നെയാണ് ഇതും ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നു.

നേരത്തെ ആക്ടിവിസ്റ്റുകളായ മുസ്ലിം സ്ത്രീകളെ വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തി സുള്ളി ഡീല്‍സ് എന്ന വ്യാജ ആപ്പ് പ്രവര്‍ത്തിച്ചിരുന്നു. ആപ്പില്‍ മുസലിം സ്ത്രീകളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെയും നോയിഡയിലെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ പരാതിയും ഉയര്‍ന്നിരിക്കുന്നത്. ആ കേസില്‍ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. സുള്ളി ഡീല്‍സിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ദല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ലദീദ ഫര്‍സാന പ്രതികരിച്ചിരുന്നു.

കേരളത്തില്‍ നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വിദ്വേഷ അതിക്രമത്തിനായി ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സുള്ളി ഡീല്‍സിനെതിരെ കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും യാതൊരും അപ്‌ഡേഷനും ലഭിച്ചിരുന്നില്ലെന്നും ലദീദ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സുള്ളി ഡീല്‍സ് ആപ്പിലും ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ 100ലേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ അനധികൃതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുസ്ലിം സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് അവഹേളിക്കുന്ന രീതിയിലുള്ള ആപ്പ് നിര്‍മിച്ചതിനു പിന്നില്‍ വന്‍ ശക്തികളാണെന്ന ആരോപണവും ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button