ഗുവാഹത്തി: അതീവ ഗുരുതര പ്രശ്‌നം നേരിടുന്നു എന്ന പരാതിയുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രണ്ട് സഹോദരങ്ങളുടെ കത്ത്. ഇവരെപ്പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ക്ക് മാത്രമേ അവരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുകയുള്ളു എന്ന കാര്യ ഗൗരവം കത്തിലാകെ കാണാം. അവരുടെ ആവശ്യമറിഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങള്‍ ഞെട്ടുമെന്നതില്‍ സംശയമില്ല. ആറു വയസ്സുകാരി റവ്‌സയും അവളുടെ അനിയന്‍ അഞ്ച് വയസ്സുകാരന്‍ ആര്യനുമാണ് രാജ്യത്തെ ഉന്നത നേതാക്കന്മാര്‍ക്ക് കത്തയച്ചത്.
രണ്ട് മന്ത്രിമാര്‍ക്കുമായി രണ്ട് കത്തുകളാണ് ഇവര്‍ എഴുതിയത്. തങ്ങളുടെ രണ്ടാം പല്ലുകള്‍ മുളയ്ക്കുന്നതിന് താമസം നേരിടുന്നു എന്നാണ് ഇരുവരുടെയും പരാതി. അതിനാല്‍, അവര്‍ക്ക് അവരുടെ ഇഷ്ട ഭക്ഷണങ്ങള്‍ ചവയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്നും മന്ത്രിമാര്‍ ഇടപെട്ട് വേണ്ടത് ചെയ്യണം എന്നാണ് കത്തിന്റെ രത്നച്ചുരുക്കം. തങ്ങളുടെ പാല്‍പ്പല്ലുകളില്‍ ചിലത് ഇളകിപോവുകയും രണ്ടാമത്തെ പല്ലു വരാന്‍ താമസിക്കുന്നതുമാണ് ഇവരെ ആശങ്കയിലാഴ്ത്തിയത്. ഇത്തരം ഒരു ഗുരുതരമായ സാഹചര്യം ആണ് ഇരുവരെയും രാജ്യത്തിന്റെ പ്രധാന മന്ത്രിയ്ക്കും തങ്ങളുടെ മുഖ്യമന്ത്രിയ്ക്കും കത്തെഴുതാന്‍ പ്രചോദനമായത്.
അസം സഹോദരങ്ങളുടെ ഈ കുട്ടിത്തം നിറഞ്ഞ മനോഹരമായ കത്തുകള്‍ അവരുടെ അമ്മയുടെ സഹോദരനാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കു വെച്ചത്. അവ ഇപ്പോള്‍ വൈറലാകുകയും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ മനം കവരുകയുമാണ്. ‘ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്കും നരേന്ദ്ര മോദിയ്ക്കും . എന്റെ മരുമകളായ റവ്‌സ (6വയസ്സ്), മരുമകന്‍ ആര്യന്‍ (5 വയസ്സ്) എഴുതുന്നത്. പിന്‍കുറുപ്പ്. എന്നെ വിശ്വസിച്ചാലും ഞാന്‍ ഇപ്പോള്‍ വീട്ടിലില്ല, ജോലിസ്ഥലത്താണ്. എന്റെ മരുമക്കള്‍ സ്വന്തമായി എഴുതുന്ന കത്താണിതെന്ന് അറിഞ്ഞാലും . . . ശ്രദ്ധിക്കൂ: അവരുടെ പല്ലുകള്‍ക്ക് ചവയ്ക്കാന്‍ കഴിയുന്നില്ല അതിനാല്‍ ദയവായി അവര്‍ക്ക് അവരുടെ ഇഷ്ട ഭക്ഷണം ചവച്ച് കഴിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് അപേക്ഷിക്കുന്നു . . .’, എന്ന അടിക്കുറിപ്പോടെയാണ് അയാള്‍ ഈ കത്തുകള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരിക്കുന്നത്.
അസം മുഖ്യമന്ത്രി ഹിമന്ദയ്ക്ക് കത്തെഴുതിയത് റവ്സയാണ്. ഇങ്ങനെയാണ് അതില്‍ എഴുതിയിരിക്കുന്നത്, ‘പ്രിയപ്പെട്ട ഹിമന്ദ മാമയ്ക്ക് . . . എന്റെ അഞ്ച് പല്ലുകള്‍ മുളയ്ക്കുന്നില്ല. എത്രയും പ്രിയപ്പെട്ട ഹിമന്ദ മാമ, എത്രയും പെട്ടന്ന് എന്റെ പല്ലുകള്‍ മുളയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അവ മുളയ്ക്കാത്തത് കാരണം എനിക്ക് എന്റെ ഇഷ്ട ഭക്ഷണങ്ങള്‍ ചവയ്ക്കാന്‍ സാധിക്കുന്നില്ല.’
രണ്ടാമത്തെ കത്ത് എഴുതിയിരിക്കുന്നത് ആര്യനാണ്. അത് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്താണ് എഴുതിയിരിക്കുന്നത്. ‘പ്രിയപ്പെട്ട മോദിജിക്ക് . . . എന്റെ മൂന്ന് പല്ലുകള്‍ മുളയ്ക്കുന്നില്ല. പ്രിയപ്പെട്ട മോദിജി, എന്റെ പല്ലുകള്‍ എത്രയും പെട്ടന്ന് മുളയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അവ മുളയ്ക്കാത്തത് കൊണ്ട് എനിക്ക് എന്റെ ഇഷ്ട ഭക്ഷണങ്ങള്‍ ചവച്ച് കഴിക്കാന്‍ സാധിക്കുന്നില്ല.’
ഈ കത്തുകള്‍ക്ക് ഇന്റര്‍നെറ്റില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പലരും പോസ്റ്റിന് കീഴെ കമന്റുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. ‘എത്ര നിഷ്‌കളങ്കരായ കുട്ടികള്‍,’ ‘മനോഹരം,’ തുടങ്ങി ഈ കുട്ടിത്തത്തെ ലാളിച്ച് ധാരാളം അഭിപ്രായങ്ങള്‍ പോസ്റ്റിന് ലഭിച്ച് കഴിഞ്ഞു.