മുംബൈ: പൊലീസ് കസ്റ്റഡിയിൽ (police custody)തനിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ടീസ്റ്റ സെതൽവാദ് Teesta Setalvad . കൊവിഡ് പരിശോധന ഉൾപ്പെടെ വൈദ്യ പരിശോധനക്കായി ടീസ്റ്റയെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ടീസ്ത സെതൽവാദിനെ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി . സിവിൽ ആശുപത്രിയിൽ കോവിഡ് പരിശോധനയും നടത്തി. ഫലം വന്നതിന് ശേഷം ടീസ്തയെ ചോദ്യംചെയ്യും.
ഇന്നലെയാണ് സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്)കസ്റ്റഡിയിലെടുത്തത്. കേസിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയില്ലെന്നും, അവർ അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരെ പിടിച്ചുകൊണ്ടുപോയെന്നും ടീസ്റ്റയുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു. ഐപിസി സെക്ഷൻ 468- വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ, 471- വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ, എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ എന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ വീട്ടിൽ ഗുജറാത്ത് പൊലീസ് എത്തിയതായി ഭർത്താവ് ജാവേദ് ആനന്ദ് നേരത്തെ പ്രതികരിച്ചിരുന്നു. വ്യാജ രേഖ ചമച്ചതിന് ടീസ്റ്റയ്ക്കെതിരെ എഫ്ഐആർ സമർപ്പിച്ചതായും ടീസ്റ്റയെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുമാണ് പൊലീസ് എത്തിയതെന്ന് ജാവേദ് പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖയും വിവരങ്ങളും പ്രചരിപ്പിച്ച കേസിൽ ടീസ്റ്റ സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറിനെയും എടിഎസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗറിലെ വീട്ടിൽ നിന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് അറസ്റ്റ് കാര്യം അറിയിച്ചത്. വാറണ്ട് ഇല്ലാതെയാണ് പൊലീസ് വന്നതെന്നും മകൾ ദീപ പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് നടപടി. ഗുജറാത്ത് കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രിയുടെ ഹർജി.