EntertainmentFeaturedHome-bannerKeralaNews

വിജയ് ബാബു അമ്മ യോ​ഗത്തിനെത്തി;നടിയെ പീഡിപ്പിച്ച കേസ് അടക്കം വിഷയങ്ങള്‍

കൊച്ചി: ബലാത്സം​ഗ കേസിൽ അന്വേഷണം നേരിടുന്നതിനിടെ നടൻ വിജയ് ബാബു താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡിക്കെത്തി. നേരത്തേ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു വിജയ് ബാബു. ആരോപണം വന്നതിനേത്തുടർന്ന് കേസ് അവസാനിച്ചിട്ടേ സംഘടനയിലേക്കുള്ളൂ എന്നുകാണിച്ച് ഇദ്ദേഹം രാജി നൽകിയിരുന്നു.

വിഷയത്തിൽ പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും. മോഹൻലാലിന്‍റെ അധ്യക്ഷതയിൽ യോഗം അൽപ്പസമയത്തിനകം തുടങ്ങും. അതേസമയം വിജയ് ബാബുവിനെ അമ്മ ജനറല്‍ ബോഡി പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ല്യുസിസി രൂക്ഷ വിമര്‍ശനം നടത്തി. സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. 

എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടരുമ്പോഴാണ് യോഗം. കൊവിഡ് ക്വാറന്‍റീനിലായതിനാല്‍ നടി മാല പാർവതി യോഗത്തിൽ പങ്കെടുക്കുന്നില്ല. ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവ്വതി നേരത്തെ രാജിവെച്ചിരുന്നു. നാല് മണിയ്ക്ക് അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും.

നിലവിൽ ഇദ്ദേഹം സംഘടനയിൽ അം​ഗമാണ്. അതിനാലാണ് ഇന്ന് യോ​ഗത്തിൽ പങ്കെടുക്കുന്നത്. പീഡനപരാതിയിൽ അന്വേഷണം നേരിടുന്നയാൾ താരസംഘടനയുടെ വാർഷിക ജനറൽബോഡിയിൽ പങ്കെടുക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നേരത്തെ ഡബ്ലിയു.സി.സി അടക്കമുള്ളവർ ഈ വിഷയത്തിൽ രം​ഗത്തുവരികയും ചെയ്തിരുന്നു. നീതി ഒരാൾക്ക് മാത്രമായി ലഭിക്കുന്നു എന്ന ആശങ്ക അവർ പങ്കുവെച്ചിരുന്നു.

തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്ക് തുടർച്ചയായി അന്വേഷണസംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയിൽ താരസംഘടന നടപടിയെടുത്തില്ലെന്നാരോപിച്ച് നേരത്തെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.

കളമശ്ശേരി ചാക്കോളാസ് പവിലിയനിലാണ് യോ​ഗം നടക്കുന്നത്. സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികളുടെ ആവിഷ്‌കരണമായിരിക്കും യോഗത്തിലെ പ്രധാന വിഷയം. കോവിഡ്മൂലം കഴിഞ്ഞ രണ്ടുവർഷം സംഘടനയ്ക്കു താരഷോ പോലുള്ള പരിപാടികൾ നടത്താൻ കഴിഞ്ഞിരുന്നില്ല. അതിനു മുമ്പു നടത്തിയ താരഷോയിൽ നിന്നുള്ള വരുമാനം സർക്കാരിന്റെ പ്രളയ ദുരിതാശ്വാസത്തിനായി നൽകിയിരുന്നു.

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച വിവാദങ്ങളും യോഗത്തിൽ ഉന്നയിച്ചേക്കും. സാധാരണഗതിയിൽ എല്ലാവർഷവും ജൂൺ മാസത്തിലെ അവസാന ഞായറാഴ്ചയാണ് താരസംഘടനയുടെ യോഗം ചേരാറുള്ളത്. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും ജൂണിൽ യോഗം ചേരാൻ സാധിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker