തൃശൂര്‍: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു സൗഹൃദം നടിച്ചു പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്ന കൗമാരക്കാരന്‍ സിറ്റി സൈബര്‍ പോലീസിന്റെ പിടിയില്‍. കമ്മിഷണര്‍ ആര്‍. ആദിത്യക്കു ലഭിച്ച പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊല്ലം സ്വദേശിയായ കൗമാരക്കാരന്‍ പിടിയിലായത്.
പെണ്‍കുട്ടികളുമായും സ്ത്രീകളുമായും സൗഹൃദം നടിച്ച് അവരുടെ വിവിധ പോസുകളിലുള്ള ചിത്രങ്ങള്‍ കൈക്കലാക്കി മോര്‍ഫിങിലൂടെ നഗ്‌നചിത്രമാക്കി ഭീഷണിപ്പെടുത്തുകയാണു രീതിയെന്നു പോലീസ് പറഞ്ഞു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് വിശ്വാസം നേടിയെടുക്കുന്നതാണ് ആദ്യ ഘട്ടം.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിച്ച് ഇതുപയോഗിക്കുന്നവരെ പരിചയപ്പെടും. പെണ്‍കുട്ടികളെ വിവിധ നടിമാരുടേയും നടന്മാരുടേയും ഫാന്‍സ് ഗ്രൂപ്പുകളിലേക്കു ക്ഷണിക്കും. പിന്നാലെ സൗഹൃദം സ്ഥാപിക്കും. വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ ഇതിനിടെ ആവശ്യപ്പെടും. ഗ്ലാമര്‍ താരങ്ങളുടെ ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്യും. ഇത്തരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നു പറഞ്ഞ് സമ്മര്‍ദം തുടരുകയാണു പതിവ്.
പലരും ഇതില്‍ വീഴും. മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് നിരവധി നഗ്‌നചിത്രങ്ങള്‍ കണ്ടെത്തി. കൗമാരക്കാരന്റെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടി നല്‍കിയ പരാതിയാണു വഴിത്തിരിവായത്. മറ്റു ക്രിമിനല്‍ മാഫിയകളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.