കയ്യില്‍ പേനകൊണ്ട് കുറിപ്പ്,ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: ടെക്നോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. യുവാവിന്‍റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി.

ടെക്നോപാര്‍ക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് ഇന്ന് വൈകിട്ട് ഓഫീസ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. ആദ്യം അബദ്ധത്തില്‍ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.

‘എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്’ രോഷിതിന്‍റെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവം ആത്മഹത്യ ആണെന്നാണ്   പ്രാഥമിക വിവരമെന്ന് കഴകൂട്ടം പൊലീസ് പറഞ്ഞു. രോഷിതിന്‍റെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന് അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. യുവാവ് ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്.  സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് രോഷിത് വീണത് എന്ന് പൊലീസ് പറഞ്ഞു. തലയിടിച്ച് വീണ രോഷിതിനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News