കനത്ത തോൽവിയ്ക്ക് പിന്നാലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഇന്ത്യയ്ക്ക് സ്ഥാനമാറ്റം; പാകിസ്താനും പിന്നില്‍

രഞ്ജി ത്രില്ലർ; പിടികൊടുക്കാതെ മധ്യപ്രദേശ്, ഒടുവിൽ കേരളത്തിന് സമനില

ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ കൂപ്പുകുത്തി ഇന്ത്യ. പുതുക്കിയ ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യയ്ക്ക് നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്റാണുള്ളത്. 48.15 എന്ന പോയന്റ് ശതമാനവുമായാണ് (പിസിടി) ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണത്. കളിച്ച രണ്ട് ടെസ്റ്റുകളില്‍ ഒരു ജയവും ഒരു തോല്‍വിയുമായി 50.00 പോയന്റ് ശതമാനമുള്ള പാകിസ്താന്‍ ഇന്ത്യയ്ക്കു മുകളില്‍ നാലാം സ്ഥാനത്താണ്.

ഇന്ത്യയ്‌ക്കെതിരേ പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്റും 75.00 പോയന്റ് ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ കൂടിയാണ് ദക്ഷിണാഫ്രിക്ക. കളിച്ച നാലു ടെസ്റ്റും ജയിച്ച് 48 പോയന്റും 100.00 പോയന്റ് ശതമാവുമുള്ള ഓസ്‌ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയന്റ് ശതമാനവുമായി ശ്രീലങ്ക മൂന്നാമതുണ്ട്.

രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ 25 വര്‍ഷത്തിനിടെ ഇതാദ്യമായി ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി. 13 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നാട്ടില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. 2024-ല്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു നേരത്തേയുള്ള തോല്‍വി. രണ്ടു ടീമുകള്‍ക്കുമെതിരേ നാട്ടില്‍ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ തോറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News