ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവ അധ്യാപിക സാക്ഷി അഹൂജ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി കുടുംബം. സംഭവസ്ഥലത്ത് ആംബുലന്‍സോ പോലീസോ ഡോക്ടര്‍മാരോ ഇല്ലാതിരുന്നതിനാല്‍ സാക്ഷിയ്ക്ക് പ്രഥമശുശ്രൂഷയോ എന്തെങ്കിലും സഹായമോ ലഭിച്ചില്ലെന്ന് പിതാവ് ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു. അപകടം നടന്ന് 40 മിനിട്ടിനു ശേഷമാണ് സ്റ്റേഷനില്‍നിന്ന് ആശുപത്രിയിലേക്ക് പുറപ്പെടാന്‍ സാധിച്ചതെന്നും ആ യാത്രയ്ക്കിടെയാണ് സാക്ഷി മരിച്ചതെന്നും ചോപ്ര എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെയാണ് സാക്ഷി അഹൂജ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. തലേന്നു പെയ്ത മഴയിൽ സ്‌റ്റേഷന്‍ പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അതിലൂടെ നടക്കവേ തെന്നിവീഴാതിരിക്കാന്‍ സാക്ഷി വൈദ്യുത പോസ്റ്റില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. പോസ്റ്റിന് താഴെ, ഇലക്ട്രിക് വയര്‍ പൊട്ടിവീണ നിലയില്‍ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാറിലെ താമസക്കാരിയായ സാക്ഷി, കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ യാത്ര പുറപ്പെടുന്നതിനായാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. സാക്ഷിയുടെ ഒന്‍പതുവയസ്സുകാരനായ മകനും ഏഴുവയസ്സുകാരിയായ മകളും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. വന്ദേഭാരത് എക്‌സ്പ്രസില്‍ ന്യൂഡല്‍ഹിയില്‍നിന്ന് ചണ്ഡീഗഢിലേക്കായിരുന്നു ഇവര്‍ യാത്രചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.
അപകടത്തിൽ നടപടി എടുക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു, എന്നാല്‍, ഇതുവരെ എന്തെങ്കിലും നടപടി കൈക്കൊണ്ടതായി അറിയില്ലെന്ന് ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു. നമ്മുടെ സംവിധാനം നന്നാകുന്നില്ല. ഉയര്‍ന്ന നിലവാരമുള്ള വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ നാം നിര്‍മിക്കുന്നുണ്ട്. എന്നാല്‍ സ്‌റ്റേഷനുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല, അദ്ദേഹം പറഞ്ഞു.
മുന്‍പും സമാനമായ സംഭവം നടന്നതായും പരാതി നല്‍കിയിട്ടും നടപടികള്‍ ഒന്നുമുണ്ടായില്ലെന്നും പ്രദേശത്തെ തൊഴിലാളികള്‍ പറഞ്ഞതായും ചോപ്ര വ്യക്തമാക്കി. തങ്ങള്‍ക്ക് ധനസഹായം ആവശ്യമില്ല. അപകടത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമന്നും കുടുബം നിയമയുദ്ധത്തിന് തയ്യാറാണെന്നും ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു.