‘വിഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം നിക്കൊന്ന് കാണാനാ’; ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി മാധവിയാണ് (47) മരിച്ചത്. ബുധനാഴ്ച രാത്രി 8 മുതലാണ് മാധവി മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ ക്ലാസ് എടുത്തുകൊണ്ടിരുന്നത്.

ഇതിനിടെ ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം’ എന്നു കുട്ടികളോടു പറഞ്ഞ് ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു. അധ്യാപിക വീട്ടില്‍ തനിച്ചായിരുന്നു. അസ്വസ്ഥത തോന്നിയ ഇവര്‍സഹോദരന്റെ മകനായ രതീഷിനെ വിളിച്ച് സുഖമില്ലെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു.

രതീഷ് എത്തിയപ്പോള്‍ വീടിനകത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ക്ലാസെടുക്കുന്നതിടെ ‘വിഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം നിക്കൊന്ന് കാണാനാ’ എന്നു ടീച്ചര്‍ പറഞ്ഞതായി കുട്ടികള്‍ പറഞ്ഞു. അങ്ങനെയാണ് ക്ലാസ് ആരംഭിച്ചതെന്നും ഇതു പതിവില്ലാത്തതാണെന്നും കുട്ടികളും രക്ഷിതാക്കളും പറഞ്ഞു. പരേതനായ ടി ബാബുവാണ് ഭര്‍ത്താവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News