30 C
Kottayam
Friday, May 17, 2024

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍, ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ; അധ്യാപകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Must read

കോഴിക്കോട്: ഇത്തവണ എസ്.എസ്.എല്‍സിയ്ക്ക് സംസ്ഥാനത്ത് റിക്കാര്‍ഡ് വിജയ ശതമാനമായിരിന്നു. ഫലം വന്നപ്പോള്‍ വിജയിച്ചവരുടെ സന്തോഷങ്ങള്‍ മാത്രമേ നമ്മള്‍ എല്ലാവരും കണ്ടുള്ളു. പരാജയപ്പെട്ടവരുടെ വേദനകള്‍ ആരും ഇതിനിടയില്‍ കണ്ടുകാണാനിടയില്ല. തോല്‍ക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വേദനകള്‍ക്ക് എങ്ങനെ ആശ്വാസം പകരാന്‍ കഴിയുമെന്ന് കാട്ടിത്തരികയാണ് ഒരധ്യാപകന്‍. കോഴിക്കോട്കാരനായ പ്രഭാകരന്‍ എന്ന അധ്യാപകനാണ് തന്റെ സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ പരാജിതനായ വിദ്യാര്‍ഥിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം തന്റെ ഫേസ് ബുക്ക് പേജിലൂടെ കുറിച്ചത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍. ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരില്‍ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്ക്കുമെന്ന് കരുതിയിരുന്നില്ല. തോല്ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതില്‍ അക്ഷരം ശരിക്കെഴുതാന്‍ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതല്‍ , സ്‌നേഹം പൂര്‍ണമായും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. പരാജയഭീതിയില്‍ വെളിച്ചമറ്റ കണ്ണുകളില്‍ കണ്ടതിളക്കം , ലൈബ്രറി മുറിയില്‍ പോകുമ്‌ബോഴൊക്കെ ഞാന്‍ തിരിച്ചറിഞ്ഞു. എന്തൊരു സ്‌നേഹത്തോടെയാണ് ടീച്ചര്‍മാര്‍ അവരോട് പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികള്‍ ജീവിതത്തില്‍ ഈ സ്‌നേഹം മുമ്ബ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്റ്റേഹവും കരുതലും നല്കാന്‍ ടീച്ചര്‍ക്ക് ഇതിനു മുമ്ബ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല. പരീക്ഷാ ദിനങ്ങളില്‍ ഇവര്‍ ഇരിക്കുന്ന ക്ലാസ് മുറികളില്‍ പോവുമ്‌ബോള്‍ അവരുടെ കണ്ണുകളില്‍ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളില്‍ തട്ടി പ്രശ്‌നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ നോക്കിയ നോട്ടത്തിലെ സ്‌നേഹം. എനിക്ക് ഇപ്പോള്‍ തോന്നുകയാണ് തോറ്റു പോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തില്‍ നിന്ന് കരുതലില്‍ നിന്ന് സ്‌നേഹത്തില്‍ നിന്ന് വിട്ടു പോയ ഒരു കുട്ടി. ഇന്നു വിളിച്ചപ്പോള്‍ പറഞ്ഞു: സാര്‍ ഞാന്‍ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടില്‍ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ച്കഴിഞ്ഞപ്പോള്‍ ഉമ്മ തിരിച്ചുവിളിച്ചു: എന്റെ മോന്‍ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോള്‍ അവന്‍ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്.
ജയവും തോല്‍വിക്കുമിടയില്‍ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മള്‍ കൂടിയാണല്ലോ. റീ വാല്വേഷനല്‍ അവന്‍ ജയിക്കുമായിരിക്കും. അല്ലെങ്കില്‍ സേ പരീക്ഷയില്‍. നൂറ് ശതമാനം ലഭിക്കുമ്‌ബോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ പരീക്ഷകളില്‍ പരാജയപ്പെട്ട എത്രയോ പേര്‍ പിന്നീട് ജീവിതത്തില്‍ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം . ഞാന്‍ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്‌ക്കൂളില്‍ വാ. അവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: വരാം സാര്‍. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week