KeralaNews

നികുതി കുടിശിക വരുത്തി; ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് കസ്റ്റഡിയിൽ,ജയരാജന് ഇന്‍ഡിഗോയുടെ ‘മറുപടി’ ഫേസ്ബുക്കില്‍

കോഴിക്കോട്: ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് മോട്ടർ വാഹന വകുപ്പിന്റെ കസ്റ്റഡിയിൽ. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ബസാണ് കസ്റ്റഡിയിലുള്ളത്. ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ എത്തിച്ചപ്പോഴാണ് ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.

ബസിന്റെ നികുതി അടച്ചില്ലെന്ന കാരണത്താലാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർടിഒ അധികൃതർ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു കഴിഞ്ഞ ദിവസം ഇതേ വിമാന കമ്പനി 3 ആഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ഇവരുടെ ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.

ഇ.പി ജ.യരാജന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിയും ഇതിന് ജയരാജന്റെ പ്രതികരണവും പുറത്തുവന്നതിന് പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മലയാളികളുടെ ട്രോളുകളുടേയും ബഹിഷ്‌കരണ ക്യാംപയിനുകളുടേയും ബഹളമാണ്.

ഇതിനിടെ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പുതിയ ചിത്രം പങ്കുവെച്ച് വിമാനക്കമ്പനി. റെയില്‍വേ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ പ്രതികരിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇ.പി ജയരാജന് വിമാനകമ്പനിയുടെ മറുപടി എന്നാണ് പലരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും അത് ക്യാന്‍സല്‍ ചെയ്ത് തീവണ്ടിയിലായിരുന്നു ഇ. പി ജയരാജന്‍ കുടുംബത്തോടൊപ്പം യാത്രചെയ്തത്. തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കയറവേ, കെ- റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ‘ആപ്പീസ് പൂട്ടുമെന്ന്’ ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.ഇതുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ട്രോളുകളുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker