കേരളം ബനാന റിപ്പബ്ലിക്ക് ആയിമാറി, പിണറായി വിജയൻ വെറും ഭീരു: ശബരീനാഥൻ
തിരുവനന്തപുരം: ചില ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ കേരളം ബനാന റിപ്പബ്ലിക്കായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍. പ്രതിഷേധിച്ചതിന്റെ പേരില്‍ തനിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമൊക്കെയാണ് കേസെടുത്തത്. ജനാധിപത്യ സമൂഹത്തില്‍ നടക്കുന്ന സ്വാഭാവിക പ്രതിഷേധത്തെ ഭയക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹത്തിന്റെ മുഖത്തേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും ശബരിനാഥന്‍ പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ശബരിയുടെ പ്രതികരണം. വിമാനത്തിനകത്ത് ഒരു പേന പോലും കൊണ്ടുപോകാന്‍ കഴിയില്ലെന്നിരിക്കെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി പറയുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ താഴേത്തട്ടുമുതല്‍ തുടരും. ഇനിയും എന്തൊക്കെ കേസെടുത്താലും നടപടി സ്വീകരിച്ചാലും പ്രതിഷേധം ഉണ്ടാകുമെന്നും ശബരി പറഞ്ഞു. നിയമപരമായി നേരിടേണ്ട കാര്യങ്ങളെ നിയമപരമായി നേരിടും. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല, അദ്ദേഹം വ്യക്തമാക്കി.
രാവിലെ സാക്ഷിയായി വിളിച്ച കേസില്‍ പത്ത് മിനിറ്റിന് ശേഷം അറസ്റ്റ് ചെയ്തു. അറസ്റ്റിന്റെ സമയം ഉള്‍പ്പെടെ ക്രമക്കേട് നടത്തിയെന്നും ശബരിനാഥന്‍ ആരോപിച്ചു. കള്ളക്കേസും വ്യാജ അറസ്റ്റുംകൊണ്ട് യൂത്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എയും പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചനയുടെ കേന്ദ്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമവിരുദ്ധ അറസ്റ്റും. പൊലീസും അധികാരവും കൈയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സര്‍ക്കാര്‍ പോകുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശബരിനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അമിതാധികാരമുള്ളയാളുകള്‍ ചേര്‍ന്നാണ്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന് പറഞ്ഞതിനാണ് കേസ് എടുത്തത്. വിമാനത്തില്‍ പ്രതിഷേധിച്ചവരുടെ പക്കല്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതേ കേസില്‍ ഒരു മുന്‍ എംഎല്‍എയേയും ചേര്‍ത്തു.
എന്നാല്‍ പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് തള്ളിയിട്ട ഇ.പി ജയരാജനെതിരെ ഒരു കേസും എടുത്തിട്ടില്ല. ഇത് ഇരട്ട നീതിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ഇ.പി ജയരാജന്‍ ചെയ്തതെന്ന് ഇന്‍ഡിഗോ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുന്ന കാര്യം പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമടക്കമുള്ള സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല. അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് ധൈര്യത്തോടെ പറയാന്‍ ഞങ്ങള്‍ക്കാവും.
മുണ്ടുടുത്ത മോദി എന്ന ആക്ഷേപം തെളിയിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്യുന്നത്. കിളിപറന്ന പോലെയാണ് നേതാക്കള്‍ പലരും പ്രവര്‍ത്തിക്കുന്നത്. സിപിഎം ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. പക്ഷെ, പ്രതിപക്ഷം ഇതൊന്നും മറക്കില്ല. സമരവും പ്രതിഷേധവുമൊന്നും ഇല്ലാതാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.