FeaturedHome-bannerKeralaNews

ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികൾക്ക് ലൈംഗിക  പീഡനം,ടാറ്റൂ ആ‍ർട്ടിസ്റ്റ് എസ് സുജേഷ് അറസ്റ്റിൽ

കൊച്ചി: ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക  പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്‍റർ ഉടമയും ടാറ്റൂ ആ‍ർട്ടിസ്റ്റുമായ പി എസ് സുജേഷ് അറസ്റ്റിൽ. കൊച്ചി നഗരത്തിൽ നിന്ന് തന്നെയാണ് പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടിയത്. സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളെവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. 

കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്. 

ആദ്യം സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് സുജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു ‘മീ ടൂ’ ആരോപണം യുവതി പ്രസിദ്ധീകരിച്ചത്. തുടർന്ന് നിരവധി പരാതികൾ ഇയാൾക്കെതിരെത്തന്നെ വിവിധ സമൂഹമാധ്യമങ്ങളിലായി ഉയർന്നുവന്നു. സുജേഷിന്‍റെ സ്ഥാപനത്തിൽ ഇന്ന് റെയ്ഡ് നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിരുന്നു. ദേഹത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ, പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, അപമാനിക്കുകയും, ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തലുകളുണ്ടായി. ഒരു യുവതി താൻ ബലാത്സംഗത്തിന് ഇരയായെന്നും തുറന്നെഴുതി. 

2017 മുതൽ തുടങ്ങിയ പീഡനങ്ങളാണ് വിവിധ യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാൻ എന്ന പേരിൽ  വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ഇവരുടെ മൊഴിയിലുണ്ട്. സുജീഷിനെതിരെ കൂടുതൽ പരാതികൾ  വരാനുള്ള സാധ്യത പോലീസ്  തള്ളിക്കളയുന്നില്ല.

ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്‍റർ കൊച്ചിയിലെ ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ കേന്ദ്രവും സെലിബ്രിറ്റി ടാറ്റൂയിംഗ് സെന്‍ററുമാണ്. നിരവധി ചലച്ചിത്ര താരങ്ങൾ ഇവിടെയെത്തി ടാറ്റൂ ചെയ്തതിന്‍റെ ചിത്രങ്ങളും മറ്റും ഇൻസ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ടാറ്റൂ സെന്‍ററുകൾ തമ്മിലുള്ള തർക്കമാണ് പരാതിക്ക് പിറകിലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും പോലീസ് അത് തള്ളുന്നു.  ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇങ്ക്ഫെക്ടഡ് ടാറ്റൂ സെന്‍ററിലെത്തി പരിശോധന നടത്തി. പ്രതിയുടെ ഭാര്യാസഹോദരനും ജീവനക്കാർക്കുമൊപ്പമായിരുന്നു പരിശോധന. ഇവിടെ നിന്ന് സിസിടിവി ദൃശ്യങ്ങളും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ കൂടുതൽ ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ജീവനക്കാരുടെ വിശദാംസങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ കർശന നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

നേരത്തെ ആരോപണമുന്നയിച്ച ചില സ്ത്രീകളെ പൊലീസ് വിളിച്ചുവരുത്തിയിരുന്നെങ്കിലും ആരും പരാതി കൊടുക്കാൻ തയ്യാറായിരുന്നില്ല. രണ്ട് സ്ത്രീകൾ സെൻട്രൽ സ്റ്റേഷനിലെത്തി പരാതി നൽകാൻ താൽപര്യമില്ലെന്നും പൊലീസിനെ അറിയിച്ചിരുന്നു. ആരോപണങ്ങളിൽ സ്വമേധയാ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഇരകൾ പരാതി നൽകാൻ തയ്യാറായതോടെയാണ് കേസ് റജിസ്റ്റർ ചെയ്തതും അന്വേഷണം ഊർജിതമായതും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button