ആലപ്പുഴ: കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി. രണ്ടായിരം കഞ്ചാവ് മിഠായികള്‍ പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നാണ് പ്രതികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. പത്ത് കിലോയില്‍ അധികം നിരോധിത പുകയില ഉത്പന്നങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സന്തോഷ് കുമാറും രാഹുല്‍ സരോജും മിഠായികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്.
എവിടെ നിന്നാണ് കഞ്ചാവ് മിഠായികള്‍ എത്തിക്കുന്നത്, എത്രകാലമായി വിതരണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എക്‌സൈസ് സംഘം. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത്തരം രൂപത്തില്‍ സാധനം സംസ്ഥാനത്ത് എത്തിക്കുന്നത്.
കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം മിഠായികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ എത്തിക്കുന്നുണ്ട്. ഈ സംഘത്തെ വേരോടെ അറുത്ത് മാറ്റുകയെന്നതാണ് എക്‌സൈസ്, പൊലീസ് സംഘം ലക്ഷ്യമിടുന്നത്. ഒരു തവണ കഴിച്ചാല്‍ തന്നെ കുട്ടികള്‍ക്ക് ഇതിനോടുള്ള ആസക്തി വര്‍ദ്ധിക്കുമെന്നതാണ് അപകടകരമായ സാഹചര്യം.
അതോടൊപ്പം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കൊള്ള ലാഭത്തിനാണ് കേരളത്തില്‍ വില്‍ക്കുന്നത്. സ്‌കൂള്‍ കുട്ടികളും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ പോലും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ച് വരികയാണെന്നാണ് എക്‌സൈസ് കണ്ടെത്തല്‍.
സംസ്ഥാനത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഇത്തരം സംഘങ്ങളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും പ്രത്യേക ഡ്രൈവ് തന്നെ നടത്തുകയാണ് സമീപ ദിവസങ്ങളില്‍ പൊലീസും എക്‌സൈസും.
മറ്റ് സംസ്ഥാനങ്ങളില്‍ നിരോധനമില്ലാത്തതിനാല്‍ തന്നെ ഹാന്‍സ് പോലുള്ള പുകയില ഉത്പന്നങ്ങള്‍ 8 രൂപയ്ക്കും പത്ത് രൂപയ്ക്കും ലഭ്യമാണ്. എന്നാല്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയാല്‍ ഒരു പാക്കറ്റിന് പോലും 80 രൂപ മുതല്‍ 150 രൂപ വരെ ഈടാക്കുന്ന കടകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.