KeralaNews

കപ്പയ്ക്ക് പൊന്നും വില; വില സര്‍വ്വകാലറെക്കോഡിലേക്ക്‌

കൽപറ്റ: കപ്പ വില സർവകാല റെക്കോർഡിലേക്കു കുതിക്കുന്നു. 2 മാസം മുൻപുവരെ കിലോയ്ക്കു 15 രൂപ മാത്രം ഉണ്ടായിരുന്നിടത്താണു കിലോയ്ക്കു 35–38 രൂപയിലേക്കുള്ള കുതിപ്പ്. ഗുണമേന്മയ്ക്കനുസരിച്ചു വിലയിൽ വ്യത്യാസവുമുണ്ടാകും. ഉയർന്ന വിലയ്ക്കു പോലും പ്രധാന വിപണികളിൽ കപ്പ കിട്ടാത്ത അവസ്ഥയുമുണ്ട്. ഉൽപാദനം കുറഞ്ഞതും വിപണിയിൽ ക്ഷാമം നേരിടുന്നതുമാണു വിലക്കയറ്റത്തിനു കാരണം. വയനാട്ടിൽ കപ്പക്കൃഷിയുള്ള മിക്കയിടങ്ങളിലും മഴ കനക്കുന്നതിനു മുൻപേ കർഷകർ വിളവെടുത്തു.

കർണാടകയിലെ കപ്പക്കൃഷിയും ഇപ്പോൾ കുറഞ്ഞു. നേരത്തെ, കർണാടകയിൽ ഇഞ്ചിക്കൃഷി ചെയ്തിരുന്ന മലയാളികൾ കപ്പയിലും ഒരു കൈ നോക്കിയിരുന്നു. എന്നാൽ, കഴിഞ്ഞസീസണിൽ വിലത്തകർച്ചയുണ്ടായതിനാൽ ഇക്കുറി ഏറിയപങ്കും കൃഷി ഇറക്കിയില്ല. ഇപ്പോൾ മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽനിന്നുള്ള കപ്പയാണ് വയനാട്ടിലേക്ക് എത്തുന്നതിൽ അധികവും. വയനാട്ടിൽ വയലുകളിൽ കൃഷി ചെയ്ത കപ്പയെല്ലാം നേരത്തെ വിളവെടുത്തു പോയി. കരഭാഗങ്ങളിൽ കപ്പക്കൃഷി ഇപ്പോൾ കുറവാണ്. 

വില കൂടിയതോടെ മിക്ക ഹോട്ടലുകളിൽ നിന്നും കപ്പ വിഭവങ്ങൾ അപ്രത്യക്ഷമായി. ഒരു പരിധിയിൽ കൂടുതൽ വില കൂട്ടി വിറ്റാൽ ഉപയോക്താക്കൾ അകലുമെന്നും വില കുറയുന്നതുവരെ ഇനി കപ്പ വാങ്ങേണ്ടെന്നാണു തീരുമാനമെന്നും ഒരു ഹോട്ടൽ ഉടമ പറഞ്ഞു. ഷാപ്പ് നടത്തിപ്പുകാരാണ് കപ്പ വില വർധനയിൽ പ്രതിസന്ധിയിലായത്. കള്ളിനൊപ്പം ഒഴിവാക്കാനാകാത്ത വിഭവമായതിനാൽ കപ്പ വാങ്ങാതിരിക്കാനുമാകില്ല, വിപണി വിലയ്ക്കനുസരിച്ചുള്ള ഉയർന്ന വില പെട്ടെന്ന് ഈടാക്കാനുമാകില്ലെന്ന സ്ഥിതിയിലാണിവർ.

എന്നാൽ, വിപണിയിൽ നേരിട്ട് എത്തിച്ചുനൽകിയാലും പരമാവധി 26 രൂപ വരെയാണു ലഭിക്കുന്നതെന്നു കർഷകർ പറയുന്നു. കൃഷിയിടത്തിൽ വന്നു മൊത്തക്കച്ചവടക്കാർ കപ്പയെടുത്താൽ വില വീണ്ടും കുറയുന്നു. വിപണിയിലെ വൻ വിലക്കയറ്റം കർഷകന് ആനുപാതികമായ ഗുണമുണ്ടാക്കുന്നില്ലെന്നർഥം. എന്നാലും, കഴിഞ്ഞ രണ്ടു സീസണിലെ വില വച്ചുനോക്കുമ്പോൾ ഇപ്പോഴത്തെ ട്രെൻഡ് ആശ്വാസം തന്നെയാണു കർഷകർക്ക്. 

 

കോവി‍ഡ് രൂക്ഷമായിരുന്ന കാലത്തു കിട്ടിയ വിലയ്ക്കാണു കർഷകൻ കപ്പ കൊടുത്ത് ഒഴിവാക്കിയത്. പലർക്കും നേരിട്ടു വിൽപനയ്ക്ക് ഇറങ്ങേണ്ട സ്ഥിതി വരെ ഉണ്ടായി. ലോക്ഡൗൺ കാലത്ത് കൃഷി കൂടിയതാണു കപ്പ വില കുത്തനെ ഇടിയാനുണ്ടായ കാരണം. ഒരു കിലോ കപ്പ 8 രൂപയ്ക്കു പോലും വിൽക്കേണ്ടിവന്നവരുണ്ട്. ഏക്കർ കണക്കിനു സ്ഥലത്ത് കപ്പ കൃഷി ചെയ്തിരുന്ന ഒട്ടേറെപ്പേർ ഇതോടെ കടക്കെണിയിലായി. സർവസാധനങ്ങൾക്കും വിലകൂടിനിൽക്കുന്ന സാഹചര്യത്തിൽ ഒരു കിലോ കപ്പയ്ക്ക് കുറഞ്ഞത് 25 രൂപയെങ്കിലും കിട്ടിയാലേ കൃഷി ലാഭകരമാകൂവെന്നു കർഷകർ പറയുന്നു.

രാസ-ജൈവ വളങ്ങളുടെ വിലക്കയറ്റവും പാട്ടത്തുകയിലും തൊഴിലാളികൾക്കുള്ള കൂലിയിലുമുണ്ടായ വർധനയും വെല്ലുവിളിയാണ്. കൂടുതൽ കർഷകർ കൃഷി ചെയ്ത് ഉൽപാദന വർധനയുണ്ടായാൽ വില കുറയുമെന്നു വ്യാപാരികൾ പറയുന്നു. എന്നാൽ, നിലവിലെ ജനപ്രിയ കപ്പ ഇനങ്ങളെല്ലാം വിളവെടുക്കാൻ കുറഞ്ഞത് 8 മാസം വരെ എടുക്കുമെന്നതിനാൽ ഉടനെയൊന്നും കപ്പ വിലയിൽ വലിയ കുറവുണ്ടാകാനിടയില്ലെന്നും വിലയിരുത്തലുണ്ട്. 

ജില്ലയിൽ മുൻപു വ്യാപകമായിരുന്ന കപ്പക്കൃഷി ഇപ്പോൾ നന്നേ കുറഞ്ഞു. കാട്ടുപന്നിശല്യം കൂടിയതാണു കർഷകർ കപ്പക്കൃഷിയിൽനിന്നു പിന്നാക്കംപോകാനുള്ള പ്രധാന കാരണം. പ്രതികൂല കാലാവസ്ഥയും അധ്വാനത്തിനനുസരിച്ചു വിലകിട്ടാത്തതും വിപണിയിലെ അസ്ഥിരതയും ഒട്ടേറെപ്പേരെ കപ്പക്കൃഷിയിൽനിന്നു പിന്തിരിപ്പിച്ചു. വയനാട്ടിൽ രണ്ടുവർഷം തുടർച്ചയായുണ്ടായ പ്രളയം ഒട്ടേറെപ്പേരുടെ കൃഷി നശിപ്പിച്ചു. ഇപ്പോൾ മെച്ചപ്പെട്ട വില കിട്ടുന്നുണ്ടെങ്കിലും കൊടുക്കാൻ കപ്പയില്ലെന്നതാണു കർഷകരുടെ പ്രശ്നം. കപ്പയുടെ വൻ വിലക്കയറ്റം കപ്പ ചിപ്സ് പോലുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവരെയും ബാധിച്ചിട്ടുണ്ട്. ഇത്തരം സാധനങ്ങൾ ഉണ്ടാക്കുന്നതിനായി വൻ വില നൽകി കപ്പ സംഭരിക്കേണ്ട സ്ഥിതിയാണിപ്പോൾ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button