കൊല്ലം: എം.സി. റോഡില്‍ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍നിന്ന് ഇന്ധനം പൂര്‍ണമായി മാറ്റി. എട്ടുമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ദൗത്യം പൂര്‍ത്തിയായത്. ടാങ്കര്‍ ലോറി ഉയര്‍ത്തി എം.സി. റോഡില്‍ ഗതാഗതം സ്ഥാപിച്ചു.
വിവിധ യൂണിറ്റുകളില്‍നിന്നുള്ള അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ലോറി ഉയര്‍ത്തിയത്. വയയ്ക്കലില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
അപകടം നടന്നയുടന്‍തന്നെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരപരിധിയിലുള്ള ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. രാത്രി പത്തരയോടെത്തന്നെ എല്ലാവരെയും ഒഴിപ്പിച്ചു. തുടര്‍ന്ന് പാരിപ്പള്ളി ഐ.ഒ.സി. പ്ലാന്റില്‍നിന്നുള്ള എമര്‍ജന്‍സി റെസ്‌ക്യൂ വാഹനമെത്തിച്ച് അതുപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി. എട്ടുമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്ധനം പൂര്‍ണമായി മാറ്റാന്‍ കഴിഞ്ഞത്. പെട്രോളായിരുന്നതിനാല്‍ത്തന്നെ അങ്ങേയറ്റം കരുതിയാണ് മാറ്റിയത്.
പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. വളവില്‍നിന്നെത്തിയ കാര്‍ കണ്ടതോടെ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെയാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.