36.9 C
Kottayam
Thursday, May 2, 2024

അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ തമിഴ്നാട് നിയോഗിച്ചു

Must read

കമ്പം: അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചു. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാൻ ഇറക്കുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന. അതിനായുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. വനം വകുപ്പ് ജീവനക്കാർ ആനയെ കാര്യമായ നിരീക്ഷിക്കുന്നുണ്ട്.

അരിക്കൊമ്പൻ തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടഞ്ഞു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്ക് ഏറ്റിരുന്നുവെന്നാണ് വിവരം. ഇദ്ദേഹം തേനി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. 

അതിനിടെ ഇടുക്കി ജില്ലയിലെ തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. വനം വകുപ്പ് ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിൻ (38) ആണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെ ആനയുടെ മുൻപിൽ പെട്ടുപോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week