ചെന്നൈ: ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മരുന്ന് നിര്‍മാണ കമ്പനിയുടെ ഉടമ അറസ്റ്റിലായി. ‘കോള്‍ഡ്രിഫ്’ ചുമമരുന്നിന്റെ നിര്‍മാതാക്കളായ തമിഴ്‌നാട്ടിലെ ശ്രേഷൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ രംഗനാഥന്‍ ഗോവിന്ദനെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ്‌ചെയ്തത്. ബുധനാഴ്ച അര്‍ധരാത്രിയോടെ ചെന്നൈയില്‍നിന്നാണ് മധ്യപ്രദേശ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
‘കോള്‍ഡ്രിഫ്’ ചുമമരുന്ന് കഴിച്ച് ഇരുപതോളം കുട്ടികളാണ് മധ്യപ്രദേശില്‍ മാത്രം മരിച്ചത്. രാജസ്ഥാനിലും സമാനരീതിയില്‍ മരണങ്ങളുണ്ടായി. സംഭവത്തിന് പിന്നാലെ മരണത്തിനിടയാക്കിയ ‘കോള്‍ഡ്രിഫ്’ മരുന്ന് നിര്‍മിച്ച കമ്പനിക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, കുട്ടികളുടെ മരണം ചര്‍ച്ചയായതിന് പിന്നാലെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗനാഥന്‍ ഒളിവില്‍പോയി. ഇയാളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് ബുധനാഴ്ച രാത്രി ചെന്നൈയില്‍നിന്ന് ഇയാളെ നാടകീയമായി പിടികൂടിയത്.
രംഗനാഥനെ പിടികൂടാനായി ഒക്ടോബര്‍ അഞ്ചാംതീയതി മുതല്‍ മധ്യപ്രദേശ് പോലീസ് സംഘം ചെന്നൈയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നതായാണ് വിവരം. ഇയാളുടെ വീടും ഇയാളുടെ പേരിലുണ്ടായിരുന്ന വാഹനങ്ങളും പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ചെന്നൈയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, മായംചേര്‍ക്കല്‍, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രംഗനാഥനെ കാഞ്ചീപുരത്തെ മരുന്ന് നിര്‍മാണ കമ്പനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് കേസുമായി ബന്ധപ്പെട്ട സുപ്രധാനരേഖകളും അന്വേഷണം സംഘം കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യയോട് വിവരങ്ങൾ തേടി ലോകാരോഗ്യ സംഘടന
വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യയോട് വിവരങ്ങൾ തേടി ലോകാരോഗ്യ സംഘടന. മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പ് രാജ്യത്തിന് പുറത്തേക്ക് കയറ്റിഅയക്കപ്പെട്ടിട്ടുണ്ടോ എന്നതിലടക്കമാണ് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾ ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദേശം നല്‍കി. മരുന്ന് നിർമ്മിക്കാനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണമെന്നും, ഇക്കാര്യം സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.


