ചെന്നൈ: ഇന്ത്യയില്‍ രണ്ട് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. വാക്‌സിന്‍ എടുക്കാത്തവരെ അടുത്ത ആഴ്ച മുതല്‍ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട്ടിലെ മധുര പ്രഖ്യാപിച്ചു.
”ഒരു ഡോസ് വാക്സിനെങ്കിലും എടുക്കാന്‍ ഒരാഴ്ചത്തെ സമയം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. വാക്സിന്‍ എടുക്കാത്തവരെ ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല” മധുര കളക്ടര്‍ അനീഷ് ശേഖര്‍ പറഞ്ഞു.
അതേസമയം സിംഗപ്പൂരില്‍ നിന്നും യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നും തമിഴ്നാട്ടില്‍ എത്തിയ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 711 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രണ്ട് ഒമൈക്രോണ്‍ കേസുകള്‍ കണ്ടെത്തിയ കര്‍ണാടകയും സമാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മാളുകള്‍, തിയേറ്ററുകള്‍, സിനിമാ ഹാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനേഷന്‍ സംസ്ഥാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.