കരൂർ: തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഉയരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

കരൂരിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വൈകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഉച്ചയോടടുത്ത് ജനബാഹുല്യം രൂപപ്പെട്ടു. 30,000-ത്തോളം ആളുകൾ പരിപാടി നടക്കുന്ന സ്ഥലത്ത് തടിച്ചുകൂടി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കനത്ത ചൂടും കാരണം ജനക്കൂട്ടത്തിൽ പലരും തളർന്നുവീഴാൻ തുടങ്ങുകയായിരുന്നു.

വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താൻ ആളുകൾ ശ്രമം നടത്തി. ഇതിനിടയിൽ ഇവർ തെന്നിവീണു. ആളുകൾ കൂട്ടത്തോടെ വീണതോടെ പലർക്കും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് നിന്നും ആളുകളെ ആശുപത്രയിലേക്ക് മാറ്റുന്നതടക്കം ദുസ്സഹമായിരുന്നു. സ്ഥലത്തെത്തിയ ആംബുലൻസുകൾക്ക്, കനത്ത ജനക്കൂട്ടം കാരണം പരിക്കേറ്റവരുടെ അടുത്തേക്ക് എത്താനും ആശുപത്രിയിലേക്ക് കൊണ്ടുപോകാനും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.
അമിതമായ ജനക്കൂട്ടവും ചൂടും കാരണം ആളുകൾ തളർന്നുവീഴുന്നത് ശ്രദ്ധയിൽപ്പെട്ട വിജയ് പ്രസംഗം പാതിവഴിയിൽ നിർത്തി. തുടർന്ന്, തന്റെ പ്രത്യേക പ്രചാരണ വാഹനത്തിൽനിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികൾ എറിഞ്ഞുകൊടുക്കാൻ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജനങ്ങളെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർക്ക് വീഴ്ച പറ്റിയെന്നും വിമർശനങ്ങൾ ശക്തമാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.


