ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ വന്‍ദുരന്തത്തില്‍ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നടന്നത് വലിയ ദുഖകരമായ സംഭവമാണെന്ന് പറഞ്ഞ സ്റ്റാലിന്റെ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ മന്ത്രിമാരുടെ സംഘത്തെ കരൂരിലേക്ക് അയച്ചു. ഞായറാഴ്ച പുലര്‍ച്ചെ സ്റ്റാലിന്‍ സംഭവസ്ഥലത്ത് എത്തിച്ചേരും.
സെന്തിൽ ബാലാജി, എം.എ. സുബ്രഹ്‌മണ്യൻ തുടങ്ങിയ മന്ത്രിമാർ കരൂരിലെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. റാലിയിൽ പങ്കെടുത്തവരുടെ എണ്ണം നിയന്ത്രണാതീതമായതും തെരുവുകളിൽ നിന്നുതിരിയാൻപോലും സ്ഥലമില്ലാതിരുന്നതും അപകടത്തിലേക്കു നയിച്ചതായാണ് പ്രാഥമികമായ വിലയിരുത്തൽ. ഗുരുതരമായ സുരക്ഷാപാളിച്ചയാണ് റാലിയിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ആറ് കുട്ടികളടക്കം 34 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം. 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് ദുരന്തമുണ്ടായത്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച്ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
10000 പേര്‍ പങ്കെടുക്കുന്ന റാലിയെന്ന് പറഞ്ഞാണ് തമിഴക വെട്രി കഴകം അനുവാദം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിജയിനെ കാണാനും റാലിയില്‍ പങ്കെടുക്കാനും പ്രതീക്ഷിച്ചതിലധികം പേര്‍ വന്നെത്തിയതാണ് ദുരന്തകാരണം. സംഘാടകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിവരം.


