KeralaNews

‘കേരളം മാതൃക, ഞങ്ങൾക്കും മെച്ചപ്പെടണം’എഐ ക്യാമറകളെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് സംഘമെത്തി

തിരുവനന്തപുരം: കേരളത്തിലെ എഐ ക്യാമറകളെക്കുറിച്ച് പഠിക്കാൻ തമിഴ്നാട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തി. എഐ ക്യാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് ഗതാഗത അപകട നിരക്കും റോഡ് അപകട മരണനിരക്കും ഗണ്യമായി കുറഞ്ഞതിനെക്കുറിച്ച് കൂടുതൽ അറിയാനാണ് ഉദ്യോഗസ്ഥ സംഘം എത്തിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു.

എഐ ക്യാമറയുടെ പ്രവർത്തനങ്ങളെ കുറിച്ചും ചുരുങ്ങിയ കാലം കൊണ്ട് കേരളം ഈ മേഖലയിൽ നേടിയ പുരോഗതിയെക്കുറിച്ചും തമിഴ്നാട് സംഘം വിശദമായി മനസിലാക്കിയെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. തമിഴ്‌നാട്‌ ജോയിന്‍റ് ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ എഎ മുത്തുവിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് മന്ത്രി ആന്‍റണി രാജുവുമായി കൂടിക്കാഴ്ച നടത്തിയത്. കൺട്രോൾ റൂം, ചലാൻ അയക്കുന്ന സംവിധാനം എന്നിവ സംഘം പരിശോധിച്ചു. ആർടിഒ അധികൃതരുമായി കാമറ സ്ഥാപിച്ച സ്ഥലങ്ങളിലും തമിഴ്നാട് സംഘം സന്ദർശനം നടത്തി.

എഐ മാനേജ്മെന്‍റ് സിസ്റ്റം വിശകലനം ചെയ്യാനാണ് ഞങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് വന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേരള സംവിധാനത്തെ അടിസ്ഥാനമാക്കി തമിഴ്‌നാട് (ട്രാഫിക്) സിസ്റ്റം മെച്ചപ്പെടുത്തേണ്ടതുണ്ട്’ ജോയിന്‍റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എഎ മുത്തു പറഞ്ഞു. കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്നതിൽ അഭിമാനമുണ്ടെന്നും വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഇതെന്നും മന്ത്രി ആന്‍റണി രാജുവും പ്രതികരിച്ചു

തലസ്ഥാനത്തെത്തിയ സംഘം അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ പ്രമോജ്‌ ശങ്കറുമായും മന്ത്രി ആന്‍റണി രാജുവുമായും ചർച്ചയും നടത്തി. ദേശീയപാതയിൽ ഏറ്റവുംകൂടുതൽ അപകടങ്ങൾ നടക്കുന്നത്‌ തമിഴ്‌നാട്ടിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തൊട്ടുപിന്നിൽ യുപിയും ആന്ധ്രയുമാണ്.

ഈ വർഷം ഏപ്രിലിലാണ് 232.25 കോടി രൂപ ചെലവഴിച്ചാണ് എഐ ക്യാമറ ഉൾപ്പെടെ 726 ക്യാമറകൾ മോട്ടോർ വാഹന വകുപ്പ്‌ സ്ഥാപിച്ചത്‌. റോഡ് നിയമങ്ങൾ കർശനമാക്കിയതോടെ വാഹനപകടങ്ങൾ കുറയ്‌ക്കാനും മരണസംഖ്യ 35 ശതമാനം കുറയ്‌ക്കാനും കഴിഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button