ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനിരിക്കെ, ഭരണരംഗത്തും രാഷ്ട്രീയത്തിലും സ്വാധീനം ഉറപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ നീക്കങ്ങൾ ആരംഭിച്ചു. ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിർണായക യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മറ്റന്നാൾ ചേരും. സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ സഖ്യത്തിന് രൂപം നൽകുന്നതിനെക്കുറിച്ചും അതിന് അനുയോജ്യമായ പേര് കണ്ടെത്തുന്നതിനെക്കുറിച്ചുമുള്ള ആലോചനകൾ യോഗത്തിലുണ്ടാകുമെന്നാണ് ടി.വി.കെ വൃത്തങ്ങൾ നൽകുന്ന സൂചന.
പുതിയ സഖ്യരൂപീകരണത്തിന്റെ ആദ്യപടിയായി ടി.വി.കെ. നേതാക്കളായ ബുസി ആനന്ദും ആധവ് അർജുനയും വിടുതലൈ ചിരുതൈഗൽ കച്ചി (VCK) അധ്യക്ഷൻ തോൽ തിരുമാവളവന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ടി.വി.കെ സർക്കാരിന് നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി വിജയ്ക്കുള്ള നന്ദി നേതാക്കൾ തിരുമാവളവനെ അറിയിച്ചു. മറ്റന്നാൾ നടക്കുന്ന വിപുലമായ യോഗത്തിലേക്ക് കോൺഗ്രസ്സ്, സി.പി.ഐ(എം), സി.പി.ഐ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML), എം.ഡി.എം.കെ എന്നീ പാർട്ടികളെയും ക്ഷണിക്കുമെന്ന് ടി.വി.കെ വ്യക്തമാക്കിയതോടെ വലിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിനാണ് വഴിതുറന്നിരിക്കുന്നത്.
അതേസമയം, ഡി.എം.കെ നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസിന് (SPA) കനത്ത തിരിച്ചടി നൽകിക്കൊണ്ട് വൈക്കോയുടെ നേതൃത്വത്തിലുള്ള മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (MDMK) സഖ്യം വിടുന്നതായി പ്രഖ്യാപിച്ചു. ഡി.എം.കെയുമായുള്ള ഒമ്പത് വർഷത്തെ ദീർഘകാല ബന്ധത്തിനാണ് വൈക്കോയും പാർട്ടിയും വിരാമമിട്ടിരിക്കുന്നത്. ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നതതല സമിതി യോഗത്തിന് ശേഷമാണ് മുന്നണി വിടാനുള്ള അന്തിമ തീരുമാനം വൈക്കോ ഔദ്യോഗികമായി അറിയിച്ചത്.
ഹിന്ദുത്വ ശക്തികൾക്ക് തമിഴ്‌നാട്ടിൽ വേരൂന്നാൻ ഇടയാക്കുന്ന വിധത്തിലുള്ള ഡി.എം.കെയുടെ സമീപകാല നിലപാടുകളോട് പൊരുത്തപ്പെടാൻ കഴിയില്ലെന്നാണ് സഖ്യം വിട്ടതിന് കാരണമായി വൈക്കോ ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.ഡി.എം.കെ സ്ഥാനാർത്ഥികൾക്ക് സ്വന്തം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതും ഡി.എം.കെയുടെ തന്നിഷ്ടപ്രകാരമുള്ള നീക്കങ്ങളും പാർട്ടിക്കുള്ളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഡി.എം.കെ സഖ്യം ഉപേക്ഷിച്ച എം.ഡി.എം.കെ, മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ടി.വി.കെയെ സഹായിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഡി.എം.കെ സഖ്യവുമായുള്ള ബന്ധം എം.ഡി.എം.കെ ഔദ്യോഗികമായി അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ പാർട്ടിയിൽ വലിയ പിളർപ്പും ദൃശ്യമായി. എം.ഡി.എം.കെയുടെ സംസ്ഥാന നേതാക്കളും ജില്ലാ സെക്രട്ടറിമാരും ഉൾപ്പെടെ നൂറ്റമ്പതോളം പ്രമുഖ ഭാരവാഹികൾ വൈക്കോയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കൂട്ടത്തോടെ ഡി.എം.കെയിൽ ചേർന്നു. തമിഴ്‌നാട്ടിൽ ഭരണം പിടിച്ചതിന് ശേഷം അടിത്തറ വികസിപ്പിക്കാൻ ശ്രമിക്കുന്ന ടി.വി.കെയും, തിരിച്ചടി നേരിട്ടെങ്കിലും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഡി.എം.കെയും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിക്കുക.
English Summary
In a significant political realignment ahead of the upcoming Assembly by-elections in Tamil Nadu, Chief Minister C. Joseph Vijay’s party, Tamilaga Vettri Kazhagam (TVK), is making strategic moves to consolidate its alliance structure. TVK has called for a high-level meeting of its supporting parties, including the Congress, CPI(M), CPI, IUML, and MDMK, to discuss a formal coalition and its potential name. Meanwhile, in a major blow to M. K. Stalin’s DMK, Vaiko’s Marumalarchi Dravida Munnetra Kazhagam (MDMK) officially ended its nine-year-old ties with the Secular Progressive Alliance (SPA) and pledged support to the TVK government. While Vaiko criticized the DMK for denying them their own party symbol during the elections, the decision triggered an internal rift, leading to nearly 150 prominent MDMK leaders defecting to the DMK.


