തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അതുല്‍ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡന നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. മരണപ്പെട്ട വര്‍ക്കല സ്വദേശിനി ആരതിയുടെ (27) ആത്മഹത്യാക്കുറിപ്പിലെയും ഫോണിലെ ശബ്ദസന്ദേശത്തിലെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് പൊലീസ് നടപടി.
തന്നെയല്ല, തന്റെ പഴയ കാമുകിയെയാണ് അതുലിന് ഇപ്പോഴും ഇഷ്ടമെന്നും ശാരീരികമായും മാനസികമായും താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും ആരതിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 'എന്നെയല്ല, പഴയ കാമുകിയെയാണ് അതുലിന് ഇഷ്ടം. ശരീരത്തില്‍ കയറിയിരുന്ന് പലതവണ മുഖത്തടിച്ചു. പുറത്തുപറയാന്‍ പറ്റാത്ത രീതിയില്‍ പരമാവധി മുറിവുകള്‍ ഉണ്ടാക്കാതെയായിരുന്നു ശാരീരിക ആക്രമണം മുഴുവന്‍. അതുലിന്റെ മാനസിക പീഡനം ഇനി ഒട്ടും സഹിക്കാന്‍ പറ്റുന്നില്ല. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം…' – ആരതി കത്തില്‍ കുറിച്ചു.
മരണത്തിന് തൊട്ടുമുമ്പ് ആരതി തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഒരു ശബ്ദസന്ദേശവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 'എനിക്ക് മരിക്കാന്‍ ഭയമാണ്, പക്ഷേ മരിക്കാതെ ഇനി വേറെ നിവൃത്തിയില്ല…' എന്ന് വിതുമ്പിക്കൊണ്ട് പറയുന്നതാണ് ഈ ശബ്ദസന്ദേശം. ഇത് കേസിനെ സംബന്ധിച്ച് നിര്‍ണായക തെളിവായി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആരതിയെ ആറ്റുകാല്‍ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച വിവരം ആരതി അമ്മയെ വിളിച്ച് പറഞ്ഞിരുന്നു.
കൂടാതെ, അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെയും ശരീരത്തിലേറ്റ പരിക്കുകളുടെയും ചിത്രങ്ങള്‍ ആരതി അമ്മയ്ക്ക് വാട്സ്ആപ്പില്‍ അയച്ചുനല്‍കുകയും ചെയ്തിരുന്നു. ആരതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഇന്‍ക്വസ്റ്റ് നടപടികളിലും കണ്ടെത്തിയിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് വര്‍ക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും വിവാഹിതരായത്. ആറ് മാസം മുമ്പാണ് ഇവര്‍ ആറ്റുകാലിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. വിവാഹശേഷം പല കാരണങ്ങള്‍ പറഞ്ഞ് അതുല്‍ ആരതിയെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. അതുലിന്റെ ക്രൂരപീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.
കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.


