ചെന്നൈ : വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിനെ തല്ലിയ സി.ഐ,എസ്.എഫ് കോൺസ്റ്റബിളിന് സ്വർണമോതിരം പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ സംഘടന. ദ്രാവിഡ സംഘടനയായ ടി.ഡി.പി.കെയുടേതാണ് പ്രഖ്യാപനം. പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകുമെന്നാണ് സംഘടന വാഗ്ദാനം ചെയ്തിരിക്കുന്നത്.
കങ്കണയെ തല്ലിയ സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിന്റെ വീട്ടിലേക്ക് സമ്മാനം അയച്ചു കൊടുക്കാനാണ് തീരുമാനം. കൊറിയർ കമ്പനി മോതിരം സ്വീകരിച്ചില്ലെങ്കിൽ വിമാനത്തിൽ ടി.ഡി.പി.കെ പ്രവർത്തകന്റെ കൈവശം കുൽവിന്ദർ കൗറിന്റെ വീട്ടിലേക്ക് സമ്മാനം എത്തിക്കും. പെരിയാറിന്റെ പുസ്തകങ്ങളും സമ്മാനിക്കുമെന്നും ടി.ഡി.പി.കെ അറിയിച്ചു.
അതേസമയം കുൽവീന്ദർ കൗറിന് പിന്തുണയുമായി പഞ്ചാബ് കിസാൻ കോൺഗ്രസ് രംഗത്തെത്തി. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് അദ്ധ്യക്ഷൻ കിരൺജിത് സിംഗ് ആവശ്യപ്പെട്ടു. സംഭവത്തിൽ മൗനം പാലിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിനെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു. അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡി.ജി.പിയെ കണ്ടു. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര), കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ പ്രമുഖ സംഘടനകൾ കഴിഞ്ഞ ദിവസം കുൽവീന്ദർ കൗറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അതിനിടെ, ഉദ്യോഗസ്ഥയെ അനുകൂലിച്ച് രംഗത്ത് വന്നവർക്ക് രൂക്ഷമായ ഭാഷയിൽ കങ്കണ റണൗട്ട് മറുപടി നൽകി. മുഖത്തടിച്ച പ്രവൃത്തിയെ അനുകൂലിക്കുന്നവർ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും പിന്താങ്ങുമോയെന്ന് അവർ ചോദിച്ചു. റേപ്പിസ്റ്റുകൾക്കും മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കും അവരുടേതായ കാരണങ്ങളുണ്ടാകും. അവർ ശിക്ഷിക്കപ്പെടുന്നുണ്ട്. പിന്തുണയ്ക്കുന്നവർ നിയമം ലംഘിച്ച് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രേരണയാണ് അവർക്ക് നൽകുന്നതെന്നും കങ്കണ പറഞ്ഞു.